കിംസിലെ സുഖവാസം അവസാനിച്ചു: ശ്രീറാം വെങ്കിട്ടരാമൻ ജയിലിലേയ്ക്ക്

single-img
4 August 2019

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കിസ്ം ആശുപത്രിയിൽ കഴിയുന്ന സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര ജില്ലാ ജയിലിലേയ്ക്ക് അയയ്ക്കാൻ മജിസ്ട്രേറ്റിന്റെ ഉത്തരവ്.

ഇന്ന് വൈകുന്നേരം 5:15-നാണ് കിംസ് ആശുപത്രിയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ ആംബുലൻസിൽ കിംസ് ആശുപത്രിയിൽ നിന്നും വഞ്ചിയൂരിലുള്ള ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജസ്റ്റിസ് അമൽ എസ്ആറിന്റെ വസതിയിലേയ്ക്ക് കൊണ്ടുപോയത്. മജിസ്ട്രേറ്റ് ആംബുലൻസിനുള്ളിൽ കയറിയാണ് ശ്രീറാം വെങ്കിട്ടരാമനെ കണ്ടത്. പ്രതിയുമായി സംസാരിച്ച ശേഷം ഇയാളെ പൂജപ്പുര ജില്ലാ ജയിലിലേയ്ക്ക് മാറ്റാൻ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ മാത്രമുള്ള ആരോഗ്യപ്രശ്നങ്ങളൊന്നും പ്രതിക്കില്ലെന്നാണ് മജിസ്ട്രേറ്റ് വിലയിരുത്തിയത്. എന്നാൽ ജയിലിൽ വെച്ച് ശ്രീറാമിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമാകും ഇയാളെ മെഡിക്കൽ കോളജിലേയ്ക്ക് മാറ്റുന്ന കാര്യത്തിൽ ജയിൽ സൂപ്രണ്ട് തീരുമാനമെടുക്കുക.

കാര്യമായ പരിക്കുകളൊന്നുമില്ലാത്ത ശ്രീറാമിനെ മാസ്ക് ധരിപ്പിച്ച് സ്ട്രെച്ചറിൽ കിടത്തിയാണ് അത്യാധുനിക സൌകര്യങ്ങളുള്ള ആംബുലൻസിൽ കയറ്റി മജിസ്ട്രേറ്റിനു മുന്നിലെത്തിച്ചത്.

റിമാൻഡിൽ കഴിയുന്ന ശ്രീറാം കിംസ് ആശുപത്രിയിൽ സുഖവാസമാണ് നടത്തുന്നതെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെ പത്രപ്രവര്‍ത്തക യൂണിയന്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ബഷീറിന്‍റെ കുടുംബം പരാതിയുമായി രംഗത്തുവരികയും ചെയ്തിരുന്നു.