25 വർഷമായ വിവാഹ ജീവിതത്തില്‍ ഭര്‍ത്താവ് തന്നോട് സംസാരിക്കുന്നില്ല; വനിതാ കമ്മീഷന്‍ അദാലത്തിൽ വിചിത്ര പരാതിയുമായി വീട്ടമ്മ

single-img
4 August 2019

ഇരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞ വിവാഹ ജീവിതത്തില്‍ ഭര്‍ത്താവ് തന്നോട് സംസാരിക്കുന്നില്ലെന്ന തികച്ചും വിചിത്രമായ പരാതിയുമായി വീട്ടമ്മ. ഇന്ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തിലാണ് ഇത്തരത്തിൽ ഒരു പരാതി ലഭിച്ചത്.

ഇവർ വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ ഒരു നോട്ടുബുക്കില്‍ എഴുതും. ഭർത്താവിനോട് പറയാനുള്ള കാര്യങ്ങളും എഴുതിവയ്ക്കും. ഭർത്താവ് ഈ കുറിപ്പ് വായിച്ച് വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങള്‍ വീട്ടില്‍ എത്തിക്കും. ഇന്നത്തെ കമ്മീഷന്‍ സിറ്റിംഗ് സമയത്താണ് തനിക്ക് ഭാര്യയോട് സംസാരിക്കാന്‍ അവസരം ലഭിച്ചത് എന്നാണ് ഭര്‍ത്താവ് പറയുന്നത്.

ഈ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. നിലവിൽ ഇയാള്‍ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറിംഗ് ട്രെയിനിയാണ്.
ഭർത്താവിനോട്, നിങ്ങള്‍ ഒരിക്കലും മകന് മാതൃകയാകില്ല എന്നും എത്രയും പെട്ടെന്ന് അവനെ വിവാഹം കഴിപ്പിച്ച് മാറ്റി താമസിപ്പിക്കുക എന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മകന്റെ വിവാഹ ശേഷം സംസാരിക്കാന്‍ ആളില്ലാതെ വീട്ടില്‍ ഒറ്റയ്ക്കാകുമ്പോള്‍ പ്രശ്‌നം തീരുമെന്നും വനിതാ കമ്മീഷന്‍ ഇവര്‍ക്ക് ഉപദേശം നല്‍കി. മാത്രമല്ല, കമ്മീഷന്‍ ഇരുവരോടും പെട്ടെന്നുതന്നെ കൗണ്‍സിലിങിന് വിധേയരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.