നിയമലംഘനവും കുറ്റവാസനയും രക്തത്തിൽ അലിഞ്ഞുചേർന്നയാൾ: ശ്രീറാം വെങ്കിട്ടരാമനെ പുകഴ്ത്തുന്ന പഴയ മനോരമ റിപ്പോർട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

single-img
3 August 2019

മദ്യലഹരിയിൽ മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ചെറുപ്പത്തിലേ നിയമലംഘനങ്ങൾ ശീലമാക്കിയ ആളാണെന്ന് തെളിയിക്കുന്ന പഴയ മനോരമ റിപ്പോർട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.

അദ്ദേഹം ദേവികുളം സബ്കളക്ടറായിരിക്കുമ്പോൾ വിവാദമായ നടപടികളുടെ പേരിൽ മാധ്യമങ്ങളുടെ ഹീറോ ആയ കാലത്ത് മനോരമയുടെ ഫാസ്റ്റ് ട്രാക്ക് മാഗസിനിൽ വന്ന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ബൈക്കുകളോടുള്ള ശ്രീറാമിന്റെ കമ്പത്തെക്കുറിച്ച് “ശ്രീറാം ബൈക്കിഷ്ടരാമൻ !” എന്ന തലക്കെട്ടിൽ വന്ന റിപ്പോർട്ടിലാണ് പഠിക്കുന്ന കാലത്ത് ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിനും ഓവർ‌ സ്പീഡിങ്ങിനും പലതവണ പൊലീസ് പിടിച്ചിട്ടുണ്ടെന്ന് ശ്രീറാം തന്നെ പറഞ്ഞ കാര്യം എഴുതിയിട്ടുള്ളത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന കാലത്ത് താൻ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുമായിരുന്നുവെന്നും ശ്രീറാം വെങ്കിട്ടരാമൻ അഭിമാനത്തോടെ ലേഖകനോട് പറയുന്നുണ്ട്. തന്റെ റാഗിംഗ് ജൂനിയർ വിദ്യാർത്ഥികൾ ആസ്വദിക്കുമായിരുന്നുവെന്നാണ് ഇദ്ദേഹം കരുതുന്നത്.

മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫ് ആയ കെഎം ബഷീർ ആണ് കൊല്ലപ്പെട്ടത്. പൊലീസ് ഇതുവരെയും പ്രതിയുടേ രക്ത സാമ്പിൾ ശേഖരിച്ച് പരിശോധിക്കാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.