ബിജെപി എംഎൽഎയുടെ സഹായികൾ ഉന്നാവ് പെൺകുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചു: അമ്മയുടെ വെളിപ്പെടുത്തൽ

single-img
2 August 2019

ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറുടെ സഹായികൾ ഉന്നാവ് പെൺകുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചെന്ന്  വെളിപ്പെടുത്തൽ. വനിത അവകാശ സമിതി അംഗങ്ങളോട് പെൺകുട്ടിയുടെ അമ്മയാണ് ഇക്കാര്യം പറഞ്ഞത്.

ജയിലിൽ കഴിയുന്ന എംഎൽഎയുടെ അനുയായികൾ പലതവണ എത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി അമ്മ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അന‌ുജത്തിമാരിലൊരാളെ സംഘം പീഡിപ്പിച്ചെന്ന വെളിപ്പെടുത്തൽ. സംഭവത്തില്‍ പരാതി നൽകിയോ എന്നു വ്യ‌ക്തമല്ല.

അതിനിടെ ഉന്നാവിലെ പെൺകുട്ടിക്ക് ഉത്തർപ്രദേശ് സർക്കാർ ധനസഹായം കൈമാറി. 25 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ നേരിട്ടെത്തി പെൺകുട്ടിയുടെ അമ്മയ്ക്ക് കൈമാറി. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. അടിയന്തിര സഹായമായി 25 ലക്ഷം രൂപയും കേന്ദ്രസേനയുടെ സുരക്ഷയും പെൺകുട്ടിക്ക് ഉറപ്പാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

അതേസമയം പെൺകുട്ടി അഞ്ചാം ദിവസവും ഗുരുതരാവസ്ഥയിൽ തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ. വെന്റലേറ്ററിന്റെ സഹായത്തോടെയാണ് പെൺകുട്ടിയുടെ ജീവൻ നിലനിർത്തുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ മരിക്കുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അഞ്ച് ദിവസം പിന്നിട്ടിട്ടും പെൺകുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. അഭിഭാഷകൻ മഹന്ദ്ര സിങിന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി ഉള്ളതായും കിങ് ജോർജ് മെഡിക്കൽ കോളേജ് വക്താവ് സന്ദീപ് തിവാരി വ്യക്തമാക്കി.

അതേസമയം പെൺകുട്ടിയുടെ സുരക്ഷയ്ക്കായി സർക്കാർ നിയോഗിച്ചിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു. അപകട സമയത്ത് ഇവർ വാഹനത്തിൽ ഉണ്ടായിരുന്നില്ല. വാഹനത്തിൽ സ്ഥലമില്ലാത്തതിനാൽ കൂടെ വരേണ്ടതില്ലെന്ന് പെൺകുട്ടി തന്നെ പറഞ്ഞുവെന്നാണ് പോലീസ് ഭാഷ്യം.

അപകടത്തെ തുടർന്ന് ഉന്നവോ പീഡനകേസിലെ പ്രതിയായ ഉത്തർപ്രദേശ് ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ്ങിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.