ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമില്ല; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

single-img
2 August 2019

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീല്‍ അംഗീകരിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി തിടുക്കപ്പെട്ടതാണെന്നും നിയമപരമായി ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി.

പ്രാദേശിക തലത്തിലുള്ള വൈരത്തെ തുടര്‍ന്ന് നടന്ന കൊലപാതകമാണിത്. ഏതെങ്കിലും നേതാക്കള്‍ക്കൊപ്പം പ്രതികള്‍ നില്‍ക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടന്ന് പറയാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

കൊലപാതകം നടന്ന് 23 ദിവസത്തിനുള്ളിലാണ് കേസ് സിബിഐക്ക് വിട്ടത്. കേസ് ഡയറികളോ രേഖകളോ സിംഗിള്‍ ബെഞ്ച് പരിശോധിച്ചിട്ടില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണം സ്റ്റേ ചെയ്തിരുന്നു.

ഈ സ്റ്റേ നീക്കി കിട്ടാനടക്കം ഹര്‍ജിക്കാരന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തിലും തടസ്സങ്ങള്‍ ഉന്നയിച്ചില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നതിന് കാരണമായി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ സിംഗിള്‍ ബെഞ്ച് ജഡ്ജിയായിരുന്ന ജസ്റ്റിസ് കമാല്‍ പാഷ അന്വേഷണം സിബിഐക്ക് വിട്ടത്.

അപ്പീലില്‍ ഡിവിഷന്‍ ബഞ്ചില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് വാദിക്കാന്‍ 50 ലക്ഷത്തിലധികം രൂപ ചിലവഴിച്ച് സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകനെ കൊണ്ടുവന്നിരുന്നു. അതേസമയം, സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.