വാഹനങ്ങൾ,മൊബൈൽ ഫോൺ,സിമന്റ് ഉൾപ്പടെയുളള ഉൽപ്പന്നങ്ങൾക്ക് ഇന്നുമുതല്‍ വില കൂടും

single-img
1 August 2019

പ്രളയസെസ് ഇന്നു മുതല്‍. അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടിയുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം വില കൂടും. കാല്‍ ശതമാനം പ്രളയസെസ് ഉള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് പവന് 71 രൂപ മുതല്‍ വര്‍ധിക്കും.

പ്രളയാനന്തര പുനർ നിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനത്ത് ഉൽപ്പന്നങ്ങൾക്ക് 1 ശതമാനം പ്രളയ സെസ് സർക്കാർ ഏർപ്പെടുത്തിയത്.12%,18%,28% ജി.എസ്.ടി നിരക്കുകൾ ബാധകമായ 928 ഉൽപ്പന്നങ്ങൾക്കാണ് ഇന്ന് മുതൽ സെസ് ചുമത്തുക.

അരി,പഞ്ചസാര,ഉപ്പ്,പഴങ്ങൾ,പച്ചക്കറികൾ തുടങ്ങി 5% ത്തിൽ താഴെ ജി.എസ്.ടി നിരക്കുകൾ ബാധകമായ നിത്യോപയോഗ സാധനങ്ങൾക്കും ഹോട്ടൽ ഭക്ഷണം,ബസ്,ട്രയിൻ ടിക്കറ്റ് എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ഏക ആശ്വാസം. ജി.എസ്.ടിക്ക് പുറത്തുളള പെട്രോൾ,ഡീസൽ,മദ്യം,ഭൂമി വിൽപ്പന എന്നിവയ്ക്കും സെസ് നൽകേണ്ടതില്ല.

വാഹനങ്ങള്‍, ടി.വി, റഫ്രജറേറ്റര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, മരുന്നുകള്‍, ആയിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള തുണിത്തരങ്ങള്‍, കണ്ണട, ചെരുപ്പ്, നോട്ട്ബുക്ക്, ബാഗ്, മരുന്നുകള്‍, ശീതീകരിച്ച ഇറച്ചി, ഐസ്ക്രീം, ചോക്കലേറ്റ്, ജാം, കുപ്പിവെള്ളം തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം ഒരു ശതമാനം പ്രളയസെസ് ബാധകമാണ്.

സിമന്റ്, പെയിന്റ്, മാര്‍ബിള്‍, സെറാമിക് ടൈല്‍, വയറിങ് കേബിള്‍ തുടങ്ങിയ നിര്‍മാണവസ്തുക്കള്‍ക്കും വില കൂടും. ഇന്‍ഷ്വറന്‍സ്, ഹോട്ടല്‍ മുറിവാടക, സിനിമ, അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയ സേവനങ്ങളുടെയും നിരക്കില്‍ വര്‍ധനയുണ്ടാകും.

അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ജി.എസ്.ടിയുള്ള ഹോട്ടല്‍ ഭക്ഷണത്തിനും സെസ് ബാധകമാണ്. നൂറു രൂപയ്ക്ക് ഒരു രൂപ എന്ന നിരക്കിലാണ് സെസ് വരിക. കേരളത്തിലേക്കുള്ള ഉല്‍പന്നങ്ങള്‍ക്കായി മാത്രം പുതിയ എം.ആര്‍.പി സ്റ്റിക്കറുണ്ടാകും. ഉല്‍പന്ന വിലയ്ക്ക് മുകളിലാണ് സെസ്.