ഉന്നാവോ ഇരയുടെ കത്തില്‍ ഒടുവില്‍ നടപടി; സുപ്രീംകോടതി കേസെടുത്തു

single-img
31 July 2019

ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ ബി.ജെ.പി. എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കാറിന്റെ കൂട്ടാളികളില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇരയായ പെണ്‍കുട്ടി അയച്ച കത്ത് സുപ്രീംകോടതി വ്യാഴാഴ്ച പരിശോധിക്കും. കത്ത് കിട്ടാന്‍ വൈകിയതിലുള്ള സുപ്രീംകോടതി രജിസ്ട്രിയുടെ റിപ്പോര്‍ട്ടും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പരിശോധിക്കും.

പെണ്‍കുട്ടി അയച്ച കത്തിനെ കുറിച്ച് അറിഞ്ഞത്?മാധ്യമങ്ങളിലൂടെയാണെന്ന് രഞ്ജന്‍ ഗൊഗോയ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിന്ദിയിലെഴുതിയ കത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് കുറിപ്പ് തയാറാക്കി നല്‍കാന്‍ രഞ്ജന്‍ ഗൊഗോയ് സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച കോടതി കത്ത് സംബന്ധിച്ച റിപ്പോര്‍ട്ടുകളെല്ലാം പരിശോധിക്കും.

അതേസമയം ഉന്നാവോ സംഭവത്തിലെ പെണ്‍കുട്ടിയുടെ ബന്ധു ഒരു വര്‍ഷത്തിനുള്ളില്‍ പോലീസിലും ജില്ലാ അധികൃതര്‍ക്കും നല്‍കിയത് 35 പരാതികള്‍. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.യുടെ ആളുകള്‍ തങ്ങളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടതായി വ്യക്തമാക്കുന്ന പരാതികളില്‍ മേല്‍ പക്ഷേ നടപടിയുണ്ടായില്ല.

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സേംഗര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും അറസ്റ്റു ചെയത് ജയിലിലിടുകയും ചെയ്ത ശേഷമാണ് ഭീഷണി ശക്തമായതെന്ന് ബന്ധു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഭീഷണി വര്‍ദ്ധിച്ചപ്പോള്‍ ഉന്നാവോയിലെ മാഖിയിലുള്ള വീട് ഉപേക്ഷിച്ചു പോരേണ്ടി വന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

ബി.ജെ.പി എം.എല്‍.എയുടെ ആളുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോലും നേരിട്ടെത്തി തങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അതിന്റെ വീഡിയോ പകര്‍ത്തി പോലീസിന് കൈമാറിയിട്ടും മാഖി സ്‌റ്റേഷന്‍ ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

പോലീസിന് 33 പരാതികള്‍ കിട്ടിയതായി ഉന്നാവോ എസ്.പി എം.പി വര്‍മ അറിയിച്ചു. തുടരന്വേഷണം നടത്താനുള്ള യോഗ്യതയില്ലാത്തതിനാലാണ് ഈ പരാതികള്‍ മുന്നോട്ടു പോകാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ലഖ്‌നൗ സോണ്‍ എഡിജിപി രാജീവ് കൃഷ്ണ ഈ പരാതികള്‍ പുനഃപരിശോധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഐജിയെ ഉന്നാവോയിലേക്ക് അയച്ചിട്ടുണ്ട്.