കേരളാ പോലിസ് സേനയില്‍ അധിക തസ്തിക വേണം; ഡിജിപി നല്‍കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പ് തള്ളി

single-img
31 July 2019

സംസ്ഥാന പോലിസ് സേനയില്‍ അധിക തസ്തിക വേണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റ നല്‍കിയ ശുപാര്‍ശ ആഭ്യന്തരവകുപ്പ് തള്ളി. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയാണ് ഫയല്‍ മടക്കിയയച്ചത്. സംസ്ഥാനത്തിന്റെ ഇപ്പോഴുള്ള ധനസ്ഥിതി അറിയാവുന്ന ഡിജിപി ഇത്തരത്തിലൊരു ശുപാര്‍ശ നല്കാന്‍ പാടില്ലായിരുന്നുവെന്ന് അഭ്യന്തര വകുപ്പ് വിമര്‍ശിച്ചു. പോലീസില്‍ 40 അധിക തസ്തിക അടിയന്തരമായി സൃഷ്ടിക്കണമെന്നാണ് ഡിജിപി ശുപാര്‍ശ നല്‍കിയത്.

ടെസ്റ്റിലൂടെ എസ്ഐ പദവിയില്‍ സേനയിലെത്തുന്നവര്ക്ക് പുതിയ തസ്തിക വരുന്നതോടെ എസ്പിയായി വിരമിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങുമെന്നും ഡിജിപി ആഭ്യന്തരവകുപ്പിനെ ധരിപ്പിച്ചിരുന്നു. കേരളത്തിലെ പോലിസ് സംഘടനകളുടെ സമ്മര്ദ്ദത്തെ തുടര്ന്നാണ് ഡിജിപിയുടെ ശുപാര്‍ശയെന്നാണ് വിവരം.

കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ തസ്തിക രൂപീകരണം അനാവശ്യമാണെന്ന മറുപടിയാണ് ആഭ്യന്തരവകുപ്പ് നല്കിയത്. അതോടൊപ്പം സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അറിയാമോയെന്ന വിമര്‍ശനവും ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉന്നയിച്ചു.പോലീസിലെ സ്ഥാനക്കയറ്റത്തിനുള്ള തടസം നീക്കാനാണ് പുതിയ തസ്തികയെന്ന് ഡിജിപിയുടെ വിശദീകരണത്തിന് സ്ഥാനക്കയറ്റം ഉറപ്പാക്കാനല്ല, ജനസേവനം മുന്‍ നിര്‍ത്തിയാണ് പുതിയ തസ്തിക ഉണ്ടാകേണ്ടതെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറി ചൂണ്ടിക്കാട്ടി.