കര്‍ണാടകയിൽ ടിപ്പു ജയന്തി ആഘോഷം നിരോധിച്ചുകൊണ്ട് യെദിയൂരപ്പ സര്‍ക്കാരിന്റെ ഉത്തരവ്

single-img
30 July 2019

കര്‍ണാടകയിൽ ടിപ്പു ജയന്തി ആഘോഷം നിരോധിച്ചുകൊണ്ട് യെദിയൂരപ്പ സര്‍ക്കാര്‍ ഉത്തരവിറക്കി. വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച ശേഷം സർക്കാർ കൈക്കൊണ്ട ആദ്യ തീരുമാനമാണ് ഇത്. ബിജെപി സർക്കാർ എടുത്തിരിക്കുന്ന തീരുമാനം വര്‍ഗീയത നിറഞ്ഞതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. നാല് വർഷം മുൻപ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചുതുടങ്ങിയത്.

അന്നുമുതൽ തന്നെ ഇത് ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപിച്ച് ബിജെപി എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി 2016ൽ കുടക് മേഖലയിൽ ഉണ്ടായ വർഗീയ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ഒരിക്കൽ സംഘർഷമുണ്ടായ കുടകിലെ എം എൽ എമാരുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം എന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ടിപ്പുജയന്തി ആഘോഷം റദ്ദാക്കിയെന്നറിയിച്ച് സാംസ്കാരിക വകുപ്പ് സര്‍ക്കുലറും പുറത്തിറക്കി.

കർണാടകയിൽ എല്ലാ വര്‍ഷവും നവംബറിലാണ് ആഘോഷം നടത്തിയിരുന്നത്. ഈ വർഷം നവംബര്‍ 10നാണ് ആഘോഷം നടത്താന്‍ നിശ്ചയിച്ചിരുന്നത്.