ആദായനികുതി വകുപ്പ് എന്നെ വേട്ടയാടി; ഞാനൊരു പരാജയപ്പെട്ട സംരംഭകനാണ്: കാണാതായ കഫെ കോഫി ഡേ ഗ്രൂപ്പ് ഉടമയുടെ കത്ത്

single-img
30 July 2019

കഴിഞ്ഞ ദിവസം മുതൽ കാണാതായ കഫെ കോഫീ ഡേ ഗ്രൂപ്പിന്റെ ഉടമ വി.ജി.സിദ്ധാർഥ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കഫേ കോഫി ഡേ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.

തന്നെ ആദായനികുതിവകുപ്പ് വേട്ടയാടിയെന്നും വകുപ്പിന്റെ മുൻ ഡയറക്ടർ ജനറൽ തന്നെ നിരന്തരം ദോഹിച്ചുവെന്നും കത്തിലുണ്ട്. ആദായത്തിന്റെ തിരുത്തിയ കണക്ക് സമർപ്പിച്ചിട്ടും രണ്ട് വ്യത്യസ്ത അവസരങ്ങളിലായി കമ്പനിയുടെ ഷെയറുകൾ അറ്റാച്ച് ചെയ്യാൻ ആദായനികുതി വകുപ്പ് തിടുക്കം കാട്ടിയെന്നും ഇതുമൂലം മൈൻഡ് ട്രീ എന്ന കമ്പനിയുമായി ഉറപ്പിച്ച കരാർ നഷ്ടമായെന്നും സിദ്ധാർഥ തന്റെ കത്തിൽ ആരോപിക്കുന്നു.

എല്ലാ തെറ്റിനും താനാണ് ഉത്തരവാദിയെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും തന്റെ ഉത്തരവാദിത്വമാണെന്നും സിദ്ധാർഥ കത്തിൽ പറയുന്നുണ്ട്. തന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ടീമിലെ മറ്റുള്ളവർക്കോ ഓഡിറ്റർമാർക്കോ മുതിർന്ന മാനേജ്മെന്റിനോ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കുറേനാള്‍ ഞാന്‍ പോരാടി, പക്ഷേ ഇന്ന് ഞാന്‍ അടിയറവ് പറയുകയാണ്. ഓഹരി പങ്കാളികളില്‍ ഒരാള്‍ ഓഹരികള്‍ മടക്കി വാങ്ങാന്‍ സമ്മര്‍ദം ചെലുത്തി. അതിനെതുടര്‍ന്നുണ്ടായ സമ്മര്‍ദ്ദവും ആറുമാസം മുന്‍പ് ഒരു സുഹൃത്തിന്റെ കൈയില്‍നിന്ന് കടംവാങ്ങിയ വലിയതുകയുടെ സമ്മര്‍ദ്ദവും ഇനിയെനിക്ക് താങ്ങാനാകില്ല. ഇതിനുപുറമേ മറ്റു ചില കടക്കാരില്‍നിന്നുള്ള സമ്മര്‍ദ്ദവും എന്നെ പ്രയാസത്തിലാക്കി. 

സിദ്ധാർഥ തന്റെ കത്തിൽപ്പറയുന്നു

37 വർഷം കഠിനാധ്വാനത്തിലൂടെയും അർപ്പണത്തിലൂടെയും നിരവധി പേർക്ക് ജോലി നൽകാൻ കഴിഞ്ഞെങ്കിലും സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നും സ്ഥാപനത്തെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും സിദ്ധാർഥ കത്തിൽ വ്യക്തമാക്കുന്നു. ഓഹരികൾ വാങ്ങിയവര്‍ അത് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഇനിയും സമ്മർദം അനുഭവിക്കാൻ കഴിയില്ലെന്നും സിദ്ധാർഥ കത്തിൽ വ്യക്തമാക്കുന്നു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ വി.ജി സിദ്ധാര്‍ഥയെ മംഗളൂരുവിലെ നേത്രാവതിക്ക് സമീപമാണ് കാണാതായത്.

ബംഗളൂരുവില്‍ നിന്ന് കാറില്‍ സഖ്‌ലേഷ്പൂരിലേക്ക് പുറപ്പെട്ട സിദ്ധാര്‍ഥ ഇടയ്ക്കുവച്ച് ബംഗളൂരുവിലേക്ക് പോകാന്‍ ഡ്രൈവറോട് പറയുകയായിരുന്നു. നേത്രാവതിപ്പുഴയിലെ പാലത്തില്‍ എത്തിയപ്പോള്‍ ഇറങ്ങി. ഡ്രൈവറോട് പാലം കഴിഞ്ഞ് കാറുമായി കാത്തുനില്‍ക്കാന്‍ പറഞ്ഞു. രണ്ടുമണിക്കൂര്‍ കഴിഞ്ഞും കാണാതായപ്പോഴാണ് ഡ്രൈവര്‍ സിദ്ധാര്‍ഥയുടെ മകനെ വിവരം അറിയിച്ചത്.

സിദ്ധാർഥ പാലത്തിൽ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.