കര്‍ണാടകയില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി

single-img
26 July 2019

മൂന്ന് വിമതരെ അയോഗ്യരാക്കിയതോടെ കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകം വഴിത്തിരിവില്‍. സര്‍ക്കാര്‍ രൂപീകരണത്തിനായി ശ്രമം ആരംഭിച്ച ബി.ജെ.പിയ്ക്ക് എം.എല്‍.എമാരുടെ അയോഗ്യത കനത്ത തിരിച്ചടിയായി. കെ.പി.ജെ.പിയുടെ എം.എല്‍.എ ആര്‍. ശങ്കര്‍ അയോഗ്യനായതോടെ, ബി.ജെ.പിയ്ക്ക് അനുകൂലമായ ഒരു വോട്ട് കുറയ്ക്കാനും കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനായി.

കര്‍ണാടകയില്‍ എല്ലാവരെയും അയോഗ്യരാക്കുകയോ രാജി സ്വീകരിയ്ക്കുകയോ ചെയ്യുമെന്നാണ് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്. അതേസമയം, മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടായതോടെ, ബാക്കിയുള്ള പതിനാല് എംഎല്‍എമാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

തിരികെയെത്തിയില്ലെങ്കില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് അയോഗ്യരാക്കുമെന്ന സൂചനയാണ് സ്പീക്കര്‍ നല്‍കിയത്. അധികമായി ലഭിച്ച സമയം കൊണ്ട്, സമവായ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മുംബൈയില്‍ നിന്ന് ബംഗളൂരുവിലെത്തിയ വിമതന്‍ ശിവറാം ഹെബ്ബാറുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയേക്കും.

ഒടുവില്‍ രാജിവെച്ച കെ.സുധാകറും എം.ടി.ബി നാഗരാജും തീരുമാനം പുനഃപരിശോധിയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ആറ് വിമതരെങ്കിലും നിലപാട് മാറ്റിയാല്‍ ബി.ജെ.പിയുടെ സര്‍ക്കാര്‍ രൂപീകരണ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. രണ്ടു ദിവസത്തിനുള്ളില്‍ ബാക്കിയുള്ളവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചിട്ടുള്ളത്.

ആറ് എംഎല്‍എമാരെങ്കിലും നിലപാട് മാറ്റിയാല്‍ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ വഴിമുട്ടും. വിമതരുടെ കാര്യത്തില്‍ തീരുമാനമായ ശേഷം, സര്‍ക്കാര്‍ രൂപീകരണത്തിലേയ്ക്ക് കടന്നാല്‍ മതിയെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ജഗദീഷ് ഷെട്ടാര്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ഡല്‍ഹിയില്‍ തുടരുകയാണ്.