മഞ്ജുവാര്യരെ ചതിച്ചതോ ?; അഭിഭാഷകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

single-img
25 July 2019

ചാരിറ്റിയുടെ മറവില്‍ നടി മഞ്ജു വാര്യരെ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ കബളിപ്പിക്കുകയായിരുന്നോ എന്ന സംശയം ഉയര്‍ത്തി അഭിഭാഷകനായ ശ്രീജിത്ത് പെരുമന. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മഞ്ജു വാര്യര്‍ അറിയാതെയാണ് ഫൗണ്ടേഷന്‍ ഇത്തരത്തിലൊരു ചാരിറ്റി വാഗ്ദാനം നല്‍കിയതുമെന്നാണ് മഞ്ജുവിന്റെ സുഹൃത്ത് പറഞ്ഞതെന്ന് ശ്രീജിത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്നായിരുന്നു ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ പദ്ധതി പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ചെങ്കിലും പിന്നീട് യാതൊന്നും ചെയ്യാതെ ഫൗണ്ടേഷന്‍ പിന്‍വാങ്ങിയെന്നായിരുന്നു ആരോപണം. ഒടുവില്‍ വീടുവെച്ചു നല്‍കാന്‍ സര്‍ക്കാരിന് 10 ലക്ഷം രൂപ നല്‍കുമെന്ന മഞ്ജുവിന്റെ ഉറപ്പിന്‍മേല്‍ കേസ് ഒത്തുതീര്‍ക്കുയായിരുന്നു. കേസില്‍ തന്നെ വലിച്ചിഴക്കരുതെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു.

അഭിഭാഷകന്റെ കുറിപ്പ് ഇങ്ങിനെ

വയനാട്ടിലെ ‘ചാരിറ്റി വഞ്ചന’, മഞ്ജുവാര്യരെ ചതിച്ചതോ ? മഞ്ജുവാര്യര്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഏറുന്നു ! ഫൗണ്ടേഷന്റെ മുന്‍ പ്രവര്‍ത്തകയായ മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് കേസില്‍ നിന്നും പിന്‍മാറണമെന്നും അവര്‍ നിരപരാധിയാണെന്നും അറിയിച്ചു.

1.88 കോടി രൂപ മുതല്‍മുടക്കില്‍ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് രേഖാമൂലം വാഗ്ദാനം നല്‍കി വിശ്വാസ വഞ്ചന നടത്തിയ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പിന്നീട് വാഗ്ദാന ലംഘനം നടത്തുകയും വിവാദമായപ്പോള്‍ 10 ലക്ഷം രൂപ നല്‍കി അനുരല്‍ഞ്ജനം നടത്തുകയും ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ട്രൈബല്‍ മന്ത്രാലയത്തിന് പരാതി നല്‍കാന്‍ തീരുമാണിച്ചതിന് പിന്നാലെയാണ് മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ആളുടെ ടെലിഫോണ്‍ കോള്‍ ലഭിച്ചത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മഞ്ജു വാര്യര്‍ അറിയാതെയാണ് ഫൗണ്ടേഷന്‍ ഇത്തരത്തിലൊരു ചാരിറ്റി വാഗ്ദാനം നല്‍കിയതുമെന്നാണ് അവര്‍ പറയുന്നത്. ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ മഞ്ജുവാര്യരെ ചതിച്ചതാണെന്ന സംശയമുണ്ടെന്നും ചിലര്‍ക്ക് അത്തരം ഉദ്ദേശമുണ്ടായിരുന്നു എന്നും അവര്‍ വെളിപ്പെടുത്തുന്നു.’ മുന്‍കാലത്ത് ഫൗണ്ടേഷനുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ സംഘനയില്‍ ഇല്ല, മഞ്ജുവാര്യര്‍ ഇതില്‍ തീര്‍ത്തും നിരപരാധിയാണ്. ആരൊക്കെയോ ചേര്‍ന്ന് ചതിച്ചതാണ് അല്ലാതെ 2 കോടിയിടെ ചാരിറ്റി ചെയ്യാനൊന്നും മാഡം നില്‍ക്കില്ല. ഉദാഹരണം സുജാത എന്ന സിനിമയുടെ സമയത്താണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായത്’ അവര്‍ പറഞ്ഞു.

മഞ്ജു വാര്യരുടെ പേരിലുള്ള സംഘടനയില്‍ മഞ്ജുവാര്യരെ ചതിച്ചത് ആരാണ്, എന്തിനാണ് എന്ന ചോദ്യങ്ങള്‍ക്കൊന്നും അവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ആവശ്യത്തിലേറെ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന മാഡം തനിക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും വലിയൊരു തുക ചരിറ്റിക്കായി മാറ്റിവെക്കാറുണ്ടെന്നും അവര്‍ പറയുന്നു.

സംഭവത്തില്‍ ആദിവാസികളുമായി മഞ്ജു വാര്യര്‍ ഒത്തുതീര്‍പ്പിലെത്തിയെങ്കിലും ആദിവാസികളെ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയതും, ആദിവാസി വീടുകളിലെത്തി അനധികൃത സര്‍വ്വേ നടത്തിയതും, സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ അനധികൃതമായി മാറ്റിയതും, ഫൗണ്ടേഷന്റെ ലെറ്റര്‍ പാഡില്‍ കലക്റ്റര്‍ക്കും, ട്രൈബല്‍ മന്ത്രിക്കും, പനമരം പഞ്ചായത്തിനും കത്ത് നല്‍കിയതും, പഞ്ചായത്ത് ഭരണസമിതിയില്‍ പാസാക്കിയെടുത്തതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് വിശദ വിവരങ്ങള്‍ ലഭിക്കാനായി കലക്റ്ററേറ്റിലും പഞ്ചായത്തിലും കത്തുകള്‍ നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്ത് നടത്തിയ ദുരൂഹമായ വെളിപ്പെടുത്തല്‍ ഗൗരവകാരമാണ്. പരാതി നല്‍കാനായി ആരെങ്കിലും എന്നെ സമീപിച്ചിട്ടുണ്ടോ എന്ന അവരുടെ അന്വേഷണം സംഭവത്തില്‍ ആരൊക്കെയോ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന സൂചനകളാണ് നല്‍കുന്നത്. എന്നാല്‍ എന്റെ സ്വദേശമായ വയനാട്ടില്‍ സംശയകരമായി നടന്ന ഈ ചാരിറ്റി ഇടപാട് തീര്‍ത്തും പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് എന്ന് അവരെ അറിയിച്ചു. ഫൗണ്ടേഷന്റെ സാമ്പത്തിക ഇടപാടുകളും മറ്റ് പ്രവര്‍ത്തനങ്ങളും സാംബന്ധിച്ച കര്യങ്ങള്‍ വ്യക്തമാക്കുന്ന പക്ഷം വ്യക്തിപരമായി യാതൊരു വിദ്വേഷമോ താത്പര്യമോ പരാതിക്കാരന്നെ നിലയില്‍ മഞ്ജു വാര്യരോടോ സംഘടനയോടോ ഇല്ലെന്നും അവരെ അറിയിച്ചു. പരാതിയുടെ കാര്യങ്ങള്‍ മഞ്ജു വാര്യരെ അറിയിക്കുമെന്നും വ്യക്തമായ മറുപടി അവര്‍ നല്‍കുമെന്നും അറിയിച്ചാണ് അവര്‍ സംസാരം അവസാനിപ്പിച്ചത്.

വാല്‍ : കാലാകാലങ്ങളില്‍ രാഷ്ട്രീയക്കാരാലും സര്‍ക്കാറുകളാലും കോര്‍പ്പറേറ്റുകളാലും ചൂഷണം ചെയ്യപ്പെടുന്ന ജനതയെ സഹാനുഭൂതിയുടെ പേരില്‍ മുതലെടുത്ത് മാര്‍ക്കറ്റ് ചെയ്ത ശേഷം കേവലം നക്കാപ്പിച്ച നല്‍കി കോംപ്രമൈസ് ചെയ്ത് മുതലെടുക്കാമെന്ന മോഹവുമായി ചുരം കയറുന്ന എല്ലാ പ്രിവിലേജ്ഡ് മേലാളന്മാര്‍ക്കും ഇതൊരു പാഠമാകണം. സംഭവത്തില്‍ ഒരു വ്യക്തയുണ്ടാകാനായി പൊതുജന താത്പര്യര്‍ത്ഥം നിയമ പോരാട്ടങ്ങള്‍ തുടരും.

അഡ്വ ശ്രീജിത്ത് പെരുമന

വയനാട്ടിലെ "ചാരിറ്റി വഞ്ചന", മഞ്ജുവാര്യരെ ചതിച്ചതോ ? മഞ്ജുവാര്യർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഏറുന്നു…

Posted by Sreejith Perumana on Wednesday, July 24, 2019