കർണാടകത്തിൽ സർക്കാർ രൂപവത്കരണത്തിനായി കേന്ദ്രതീരുമാനം കാത്ത് ബി.ജെ.പി.

single-img
25 July 2019

കർണാടകത്തിൽ പുതിയ മന്ത്രി സഭയുണ്ടാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ. സർക്കാരുണ്ടാക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് നിർദ്ദേശം കിട്ടിയതിന് ശേഷം നിയമസഭ കക്ഷി യോഗം ചേരാനാണ് ബിജെപിയുടെ തീരുമാനം.

സർക്കാർ രൂപവത്കരണത്തിന് ബുധനാഴ്ച ഗവർണറെ കണ്ട് അവകാശവാദമുന്നയിക്കാനായിരുന്നു ബി.ജെ.പി.യുടെ ആദ്യതീരുമാനം. എന്നാൽ പിന്നീട് ഇതു മാറ്റി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി മുരളീധർറാവു അടക്കമുള്ള നേതാക്കൾ സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയുമായി ചർച്ച നടത്തി.

ആർ.എസ്.എസ്. നേതാക്കളുമായും നിയമവിദഗ്ധരുമായും യെദ്യൂരപ്പ ചർച്ചനടത്തി. മുതിർന്ന നേതാക്കളായ ആർ. അശോക്, അശ്വന്ത് നാരായൺ എന്നിവർ മുംബൈയിലെത്തി വിമതരുമായും കൂടിക്കാഴ്ചനടത്തി. സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാരുണ്ടാക്കുമെന്ന് മുരളീധർറാവു പറഞ്ഞു.

കോൺഗ്രസ്, ജെ.ഡി.എസ്. പാർട്ടികളിൽനിന്നു രാജിവെച്ച 15 വിമത എം.എൽ.എ.മാരെ അയോഗ്യരാക്കണോ എന്ന കാര്യത്തിൽ സ്പീക്കർ കെ.ആർ. രമേശ് കുമാറിന്റെ തീരുമാനം വന്നിട്ടില്ല. കേവലഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണവേണം. അതിനാൽ, സർക്കാർ രൂപവത്കരണത്തിന് സ്പീക്കറുടെ തീരുമാനംവരെ കാത്തിരിക്കണമെന്ന വാദവുമുണ്ട്.

രാജിവെച്ചവരുടെ കാര്യത്തിൽ ഭരണഘടനയനുസരിച്ച് തീരുമാനമെടുക്കുമെന്നും ഇക്കാര്യത്തിൽ കാലതാമസം വരുത്തില്ലെന്നും സ്പീക്കർ കെ.ആർ. രമേശ്കുമാർ പറഞ്ഞു. വിമത എം.എൽ.എ.മാരുടെ അഭിഭാഷകർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.

രാജിവെച്ച 15 എം.എൽ.എ.മാരോടൊപ്പം വിശ്വാസവോട്ടെടുപ്പിൽനിന്നു മാറിനിന്ന ശ്രീമന്ത് പാട്ടീൽ, കെ.പി.ജെ.പി. അംഗം ആർ. ശങ്കർ എന്നിവരെയും അയോഗ്യരാക്കാൻ കോൺഗ്രസ് സ്പീക്കർക്ക് കത്തുനൽകി. വിമതരുടെ രാജിക്കാര്യത്തിൽ വേഗം തീരുമാനമെടുക്കണമെന്ന് ബി.ജെ.പി.യും ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാത്രിയാണ് കര്‍ണടാക നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്. പ്രമേയത്തെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 105 പേരും വോട്ട ചെയ്തു. 20 അംഗങ്ങള്‍ സഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 17 പേരും ബിഎസ്പി അംഗവും, രണ്ടു സ്വതന്ത്രരുമാണ് വിട്ടുനിന്നത്.