പൊലീസിനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കാനം; പൊലീസ് മോശമായാല്‍ എല്ലാം മോശമാകുമെന്ന് എല്‍ദോ

single-img
25 July 2019

തിരുവനന്തപുരം: സംസ്ഥാന പൊലീസിനെതിരായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊച്ചിയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിരുന്നു. സി.പി.ഐ എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

ഇത്രയും മോശം പൊലീസിനെ കണ്ടിട്ടില്ലെന്ന് സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാം പറഞ്ഞു. പൊലീസ് മോശമായാല്‍ എല്ലാം മോശമാകുമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും എല്‍ദോ പറഞ്ഞു. കാനം രാജേന്ദ്രനിലും സിപിഐ നേതൃത്വത്തിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. തുടര്‍ സമരങ്ങള്‍ ആവശ്യമെങ്കില്‍ അത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊച്ചിയില്‍ ഡി.ഐ.ജി ഓഫിസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജില്‍ സി.പി.ഐ നേതാക്കള്‍ക്ക് പരുക്കേറ്റതില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ നാളെ തീരുമാനിക്കും. ആലുവയില്‍ ചേരുന്ന മേഖലാ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംസ്ഥാന ജില്ലാതല നേതാക്കളും പങ്കെടുക്കും. തുടര്‍ന്നുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കും.