ട്രംപിനെ തള്ളി ഇന്ത്യ; മധ്യസ്ഥതയല്ല, പിന്തുണയാണ് വാഗ്ദാനം ചെയ്തതെന്ന് യു.എസ് • ഇ വാർത്ത | evartha
Latest News

ട്രംപിനെ തള്ളി ഇന്ത്യ; മധ്യസ്ഥതയല്ല, പിന്തുണയാണ് വാഗ്ദാനം ചെയ്തതെന്ന് യു.എസ്

കശ്മീർ പ്രശ്‌നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മധ്യസ്ഥത തേടിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ. അത്തരത്തിൽ യാതൊരു അഭ്യർഥനയും ട്രംപിനോടു മോദി നടത്തിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

‘ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്നു യുഎസ് പ്രസിഡന്റ് പറഞ്ഞതായി കണ്ടു. അങ്ങനെയൊരു ആവശ്യമോ അഭ്യർഥനയോ പ്രധാനമന്ത്രി മോദി നടത്തിയിട്ടില്ല. പാക്കിസ്ഥാനുമായുള്ള എല്ലാ വിഷയങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വിഷയമാണ്. ഇക്കാര്യത്തിൽ മൂന്നാംകക്ഷി മധ്യസ്ഥതയുടെ ആവശ്യമില്ലെന്നാണു പ്രഖ്യാപിത നിലപാട്’–വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

അതേസമയം, കശ്മീർ വിഷയത്തിൽ മധ്യസ്ഥതയല്ല പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ചകളെ പിന്തുണക്കാമെന്നാണ് അറിയിച്ചതെന്ന് അമേരിക്ക. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാവിധ സഹായങ്ങളും നൽകാൻ തയാറാണെന്നുമാണ് ട്രംപ് ഭരണകൂടം അറിയിച്ചതെന്നും യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വിശദീകരിച്ചു.

വിഷയത്തിൽ മധ്യസ്ഥതക്ക് തയാറാറെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇന്ത്യ രംഗത്തെത്തിയതോടെയാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മയപ്പെടുത്തിയ നിലപാടുമായി രംഗത്തെത്തിയത്. ”കശ്മീർ ഉഭയകക്ഷി വിഷയമായിരിക്കെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിലൂടെ മാത്രമെ പ്രശ്‌നപരിഹാരം സാധ്യമാകൂവെന്ന നിലപാട് സ്വാഗതം ചെയ്യുന്നു. ഇന്ത്യ പാക്കിസ്ഥാൻ ചർച്ചകൾക്ക് പിന്തുണ നൽക്കാൻ ട്രംപ് ഭരണകൂടം തയാറാണ്”. യു.എസ് സ്‌റ്റേറ്റ് വക്താവ് അറിയിച്ചു.