രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

single-img
23 July 2019

കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ ഇക്കാര്യം സഭയെ അറിയിച്ചത്. വൈകിട്ട് നാല്മണിയോടെ വിശ്വാസ പ്രമേയത്തിൽ ചർച്ച പൂർത്തിയാകണമെന്നും സ്പീക്കർ നിർദേശം നൽകി.

ഇന്നലെ അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് അതിനെ ശക്തമായി എതിർത്തതോടെയാണ് കർണാടക നിയമസഭയിലെ നടപടികളിൽ അനിശ്ചിതത്വം പടർന്നത്.  നടപടികൾ പൂർത്തിയാക്കാൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കറും അർധരാത്രി വരെ കാത്തിരിക്കാൻ സമ്മതമെന്ന് ബിജെപി നേതാവ് യെഡിയൂരപ്പയും പറഞ്ഞതോടെ സഭാതലത്തിൽ സസ്പെൻസ് നിറഞ്ഞു.

എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ സ്പീക്കർ തീരുമാനമെടുക്കുകയായിരുന്നു. വോട്ടെടുപ്പിന് ഭരണപക്ഷം കൂടുതല്‍ സമയം ചോദിച്ചപ്പോള്‍ തിങ്കളാഴ്ച തന്നെ നടത്തണമെന്ന നിലപാടിലായിരുന്നു ബിജെപി. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം നീണ്ടതോടെ സ്പീക്കർ ഇടപെട്ട് സഭ അർധരാത്രിയോടെ പിരിഞ്ഞു.

ഇതിനിടെ താൻ രാജി വച്ചെന്ന തരത്തിലുള്ള വ്യാജക്കത്തുകൾ പ്രചരിക്കുകയാണെന്നും, എന്നാൽ ഇത് തെറ്റാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി സഭയിൽ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് വേണ്ട സാഹചര്യം നേരത്തേയുണ്ടായിരുന്നു. എന്നാലിപ്പോഴതില്ല. കാര്യങ്ങൾ മാറിയെന്നും സഭയിൽ കുമാരസ്വാമി പറഞ്ഞു.