സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ഇനി ഓൺലൈൻ: നഗരസഭയുടെ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം • ഇ വാർത്ത | evartha
Breaking News, Kerala

സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ഇനി ഓൺലൈൻ: നഗരസഭയുടെ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം നഗരത്തിൽ വീടുകളിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞാൽ വൃത്തിയാക്കാൻ ഇനിമുതൽ ആളെത്തേടി അലയേണ്ടതില്ല. നഗരസഭയുടെ സേവനങ്ങൾ ലഭ്യമാക്കുന്ന സ്മാർട്ട് ട്രിവാണ്ട്രം (Smart Trivandrum) എന്ന ആപ്പ് വഴി ഇതിനുള്ള രജിസ്ട്രേഷൻ നടത്തിയാൽ വാഹനമടക്കം ജീവനക്കാർ വീട്ടിലെത്തി കക്കൂസ് മാലിന്യം ശേഖരിച്ച് കൊണ്ടുപോകും.

നഗരസഭാ മേയർ വികെ പ്രശാന്ത് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. പൊതുജന സൗഹൃദവും വളരെ വേഗത്തിലുള്ളതും കാര്യക്ഷമവുമായ ഈ സംവിധാനം നഗരത്തിൽ കഴിഞ്ഞ 4 മാസക്കാലമായി ഫലപ്രദമായി പ്രവർത്തിക്കുകയാണെന്ന് മേയർ അറിയിച്ചു.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായി പലരും ആശ്രയിക്കുന്നത്
ലൈസൻസ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെയാണെന്നും ഇത്തരം വാഹനങ്ങൾ പലപ്പോഴും മാലിന്യം ഒഴിഞ്ഞ സ്ഥലത്തും ഓടകളിലും ജലാശയങ്ങളിലും ഒഴുക്കുകയാണെന്നും വികെ പ്രശാന്ത് പറയുന്നു. പലതരത്തിലുള്ള പകർച്ചവ്യാധി രോഗങ്ങൾ ഇതുവഴി പകരുന്നുണ്ടെന്നും ഈ പ്രശ്നം പരിഹരിക്കുന്നതിനും സ്വകാര്യ സെപ്റ്റേജ് വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് നഗരസഭയുടെ പുതിയ ക്രമീകരണമെന്നും അദ്ദേഹം പറയുന്നു.

നഗരസഭയുടെ പുതിയ സംവിധാനത്തിന്റെ പ്രത്യേകതകൾ താഴെപറയുന്നവയാണ്.

 1. ഈ സംവിധാനം പൂർണ്ണമായി ഓൺലൈൻ ആണ്.
 2. നഗരത്തിലെ സ്വകാര്യ വാഹനങ്ങൾക്ക് നഗരസഭ രജിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ നഗരസഭയുടെ രജിസ്ട്രേഷൻ നേടിയിട്ടുള്ള വാഹനങ്ങൾക്ക് പ്രത്യേക നിറവും രജിസ്റ്റർ നമ്പറും ഉണ്ടാകും.
 3. ഈ സൗകര്യം ആവശ്യമുള്ളവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. Smart trivandrum Mobile app വഴി വളരെ എളുപ്പത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം.
 4. ഇതിനുള്ള ഫീസ് മൊബൈൽ ആപ്പുവഴി ഓൺ ലൈനായി നഗരസഭയുടെ അക്കൗണ്ടിലാണ് അടയ്ക്കേണ്ടത്. നിങ്ങൾക്ക് സേവനം നൽകുന്ന വാഹനത്തിന് നഗരസഭ ഫീസ് നൽകും. മറ്റ് യാതൊരു തരത്തിലുള്ള ചാർജും വാഹനത്തിൽ എത്തുന്ന തൊഴിലാളികൾക്ക് നൽകേണ്ടതില്ല.
 5. നിശ്ചിത സമയത്തിനകം വാഹനം എത്തി ജോലി പൂർത്തിയാക്കും.എല്ലാ ദിവസവും രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ഏഴുമണി വരെ ഈ സർവീസ് ലഭ്യമാണ്.
 6. തൃപ്തികരമായി ജോലി നിർവ്വഹിച്ചു എന്ന് നിങ്ങൾ ആപ്പിൾ റിപ്പോർട്ട് ചെയ്താൽ മാത്രമേ ബന്ധപ്പെട്ട വാഹനത്തിന് തുക നൽകൂ .
 7. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം പൂർണ്ണമായി നഗരസഭയുടെ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കാണ് കൊണ്ടുപോകുന്നത്. അലക്ഷ്യമായി ഒഴുക്കുന്നില്ല.
 8. ഈ വാഹനങ്ങളുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കുന്നതിന് ജി.പി.എസ് സഹായത്തോടെയുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
 9. വീടുകൾ,ഫ്ലാറ്റുകൾ,ഹോട്ടലുകൾ,ഓഫീസുകൾ,കമ്പനികൾ.പാർക്കുകൾ,ലേബർ ക്യാമ്പുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്
 10. ഓരോ നിമിഷവും സെപ്റ്റേജ് വാഹനങ്ങളുടെ നീക്കം നരീക്ഷിക്കുന്നതിനും പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി നഗരസഭയിൽ കാൾ സെന്റർ ഒരുക്കിയിട്ടുണ്ട്. ഫോൺ നമ്പർ: 9496434488
 11. ഓൺലൈൻ സേവനം ലഭിക്കുന്നതിനുള്ള ലിങ്ക് :http://bit.ly/2AWeBoF

നിങ്ങൾ വീട്ടിലെ #ടൊയിലറ്റ്‌ ടാങ്ക് നിറഞ്ഞതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നുവോടൊയിലറ്റ്‌ മാലിന്യം നീക്കുന്നതിന് ലൈസൻസ്…

Posted by VK Prasanth on Monday, July 22, 2019