രമ്യ ഹരിദാസിന്റെ കാറല്ല, പോലീസ് തിരയുന്ന കാറില്‍ എംഎല്‍എ വിലസുന്നതാണ് ചര്‍ച്ചചെയ്യേണ്ടത്: വി.ടി ബല്‍റാം

single-img
21 July 2019

രമ്യ ഹരിദാസ് എംപിക്ക് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതല്ല, മറിച്ച് വധശ്രമക്കേസില്‍ പോലീസ് തിരയുന്ന ഇന്നോവ കാറില്‍ എംഎല്‍എ വന്നിറങ്ങുന്നതാണ് ചര്‍ച്ചചെയ്യേണ്ടതെന്ന് വി.ടി ബല്‍റാം എംഎല്‍എ. ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ കേരള പോലീസ് കര്‍ണ്ണാടകത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറില്‍ നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവ എംഎല്‍എ പോലീസിന്റെ കണ്‍മുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു

രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പിരിവ് നടത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചയും ട്രോളും നിറയുകയാണ്. ഇതിനിടയിലാണ് സി.ഒ ടി നസീര്‍ വധശ്രമക്കേസില്‍ പോലീസ് സംശയിക്കുന്നതെന്ന് കരുതുന്ന ഇന്നോവ കാറില്‍ എ.എന്‍ ഷംസീര്‍ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയതും ചര്‍ച്ചയാകുന്നത്.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

ആലത്തൂരില്‍ ജയിച്ച എംപിക്ക് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയില്‍ തോറ്റമ്പിയ ചെന്താരകത്തിന് പാര്‍ട്ടി ഖജനാവില്‍ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം. ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ കേരള പോലീസ് കര്‍ണ്ണാടകത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറില്‍ നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവ എം എല്‍ എ പോലീസിന്റെ കണ്‍മുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടത്.