ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി; പലതും കെട്ടിച്ചമച്ചതെന്നും വിമര്‍ശനം

single-img
21 July 2019

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജമാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. തുടരെയുണ്ടാക്കുന്ന ആള്‍ക്കൂട്ട മര്‍ദനങ്ങളെക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോടായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജമാണ്. നിരവധി സംഭവങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു നഖ്‌വി പറഞ്ഞത്. 1947 ന് ശേഷവും ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പി അസം ഖാന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മുസ്ലിങ്ങള്‍ പാകിസ്ഥാനിലേക്ക് പോയാല്‍ അവര്‍ക്ക് ഈ ശിക്ഷ ലഭിക്കില്ല എന്നായിരുന്നു മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ മറുപടി.

‘എന്തുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ പാകിസ്ഥാനിലേക്ക് പോകാത്തത്? ഇന്ത്യയെ സ്വന്തം രാജ്യമായി അവര്‍ കണക്കാക്കി. അപ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടും, അവര്‍ ഇതെല്ലാം സഹിക്കേണ്ടിവരും’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

അതേസമയം, നഖ്‌വിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല രംഗത്തെത്തി. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി എന്താണ് നടക്കുന്നതെന്ന് നഖ്‌വിക്ക് അറിയുമോ എന്നദ്ദേഹം ചോദിച്ചു. ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിക്ക് ഒന്നുമല്ല. കുറ്റവാളികളെ സംരക്ഷിക്കാനാണ് ഭരിക്കുന്ന പാര്‍ട്ടിയിലെ എല്ലാവരും ശ്രമിക്കുന്നതെന്നും സുര്‍ജേവാല വിമര്‍ശിച്ചു.