തലസ്ഥാനത്ത് പോലീസിനും വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം നടത്താൻ കോണ്‍ഗ്രസ് പദ്ധതി: ഡിവൈഎഫ്ഐ

single-img
21 July 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവങ്ങളുടെ മറവില്‍ കേരളത്തിൽ കോണ്‍ഗ്രസ് കലാപത്തിന് പദ്ധതിയിടുന്നതായി ഡിവൈഎഫ്ഐ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് ബന്ധമുള്ള ക്രിമിനല്‍ സംഘങ്ങള്‍ തലസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.

ഇപ്പോൾ സമരം നടത്തുന്ന കെഎസ് യുവിന്റെ മുദ്രാവാക്യം എന്ത്? , സമരത്തിൽ യുക്തിസഹമായ ഒരു മുദ്രാവാക്യവും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നില്ല. എന്ത് ആവശ്യം ഉന്നയിച്ചാണ് ഇവര്‍ സമരം നടത്തുന്നത്?, ഇവരുടെ ഡിമാന്‍ഡ് എന്താണ്?, പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലാതെയാണ് ഇവര്‍ സമരം നടത്തുന്നതെന്നും റഹീം ആരോപിച്ചു.

അതേപോലെ വരുന്ന തിങ്കളാഴ്ച തലസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പോലീസിന് നേരെ സംഘടിതമായി അക്രമം ഉണ്ടാകാനും വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം നടത്താനും കോണ്‍ഗ്രസ് പദ്ധതിയിട്ടിട്ടുണ്ടെന്നും എഎ റഹീം ആരോപിച്ചു.

പ്രത്യേകിച്ച് യാതൊരു ആവശ്യവും ഉന്നയിക്കാതെ നടത്തുന്ന സമരങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും റഹീം പറഞ്ഞു. ഭരണഘടന അനുസരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമായ പിഎസ് സിക്ക് നേരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. രാജ്യത്തെ ഒരു ഭരണഘടനാസ്ഥാപനവും വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല. പക്ഷെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും റഹീം പറഞ്ഞു.