എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകം; എ.ഐ.എസ്.എഫ് റിപ്പോര്‍ട്ട്

single-img
21 July 2019

എസ്.എഫ്.ഐയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കലാലയങ്ങളില്‍ എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകരമായ രീതിയിലാണെന്നും ക്യാമ്പസുകളിലും എ.ഐ.എസ്.എഫിനെ മുഖ്യശത്രുവായിട്ടാണ് എസ്.എഫ്.ഐ കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ വേരുറപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം. അരാഷ്ട്രീയമായ പ്രവര്‍ത്തനമാണ് എസ്.എഫ്.ഐയുടേത്. കുണ്ടറ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ എ.ഐ.എസ്.എഫ് ഭരണത്തിലെത്തുമെന്ന് കണ്ട് എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു.

വര്‍ഗീയ സംഘടനകള്‍ക്ക് കോളേജുകളില്‍ ഭരണം ലഭിച്ചാലും എ.ഐ.എസ്.എഫിന് ലഭിക്കരുതെന്നാണ് അവരുടെ നിലപാടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കൊല്ലം പാരിപ്പള്ളിയിലാണ് എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം നടന്നത്. അതേസമയം എ.ഐ.എസ്.എഫ് ജില്ലാ ഘടകം കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയില്ലെന്ന സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.