തിരുവനന്തപുരത്ത് പെറ്റിയടിച്ച പണവുമായി മുങ്ങിയ ട്രാഫിക് എസ്‌ഐ അറസ്റ്റില്‍

single-img
20 July 2019

പെറ്റിയടിച്ചു പിരിച്ചെടുത്ത ഏഴായിരത്തിലധികം രൂപയുമായി മുങ്ങിയ എസ്‌ഐ അറസ്റ്റില്‍. ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നെയ്യാറ്റിന്‍കര കൂട്ടപ്പന രാമവിലാസം ബംഗ്ലാവ് നയിം(52)ആണു അറസ്റ്റിലായത്. രണ്ടു മാസം ഒളിവില്‍ കഴിഞ്ഞ ഇദ്ദേഹത്തെ ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

മേയിലായിരുന്നു സംഭവം. രാത്രി ഡ്യൂട്ടി പൂര്‍ത്തിയാക്കിയ എസ്‌ഐ പിഴത്തുകയും പെറ്റി ബുക്കും സ്റ്റേഷനില്‍ എത്തിച്ചില്ല. തൊട്ടടുത്ത ദിവസവും ഇത് ആവര്‍ത്തിച്ചു. പിന്നീട് സ്റ്റേഷനില്‍ എത്താതായി. വിവരം അന്വേഷിച്ചു വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വ്യാജ പരാതിയും നല്‍കി.

കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി ഇയാളുടെ ഭാര്യയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നു സ്ഥിരീകരിച്ചു. കമ്മിഷണറുടെ നിര്‍ദേശ പ്രകാരം കേസ് എടുത്തതോടെ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു നാടുവിട്ട ഇയാള്‍ ഇന്നലെ വീട്ടില്‍ തിരിച്ചെത്തി.

ഇവിടെനിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. പെറ്റിബുക്കുകളും കണ്ടെത്തി. പിഴ ഇനത്തില്‍ ലഭിച്ച പണം മദ്യപിക്കാന്‍ ഉപയോഗിച്ചെന്നും കടബാധ്യതക്കാരനായ തന്റെ പക്കല്‍ തിരിച്ചടയ്ക്കാന്‍ പണം ഇല്ലാത്തതിലാണു മുങ്ങി നടന്നതെന്നും ഇയാള്‍ മൊഴി നല്‍കി. പ്രതിയെ സസ്‌പെന്‍ഡ് ചെയ്തു.