ഒടുവില്‍ ആശ്വാസം; വിഴിഞ്ഞത്തു നിന്നു കാണാതായ നാല് മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി; പെരുമഴ തുടരുന്നു; കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് • ഇ വാർത്ത | evartha
Breaking News

ഒടുവില്‍ ആശ്വാസം; വിഴിഞ്ഞത്തു നിന്നു കാണാതായ നാല് മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി; പെരുമഴ തുടരുന്നു; കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്

വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. നാലു ദിവസമായി ഇവര്‍ക്കായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് രാവിലെ തിരച്ചിലിനുപോയ മല്‍സ്യത്തൊഴിലാളികളാണ് ഉള്‍ക്കടലില്‍ കുടുങ്ങിയ ബോട്ട് കണ്ടത്തിയത്. ബോട്ടുകള്‍ തീരത്ത് മടങ്ങിയെത്തി.

യേശുദാസന്‍, ആന്റണി, ലൂയിസ്, ബെന്നി എന്നിവരാണ് ബുധനാഴ്ച കടലില്‍ പോയത്. ഇവര്‍ വ്യാഴാഴ്ചയോടെ തിരിച്ചെത്തേണ്ടതായിരുന്നു. വെള്ളിയാഴ്ചയും എത്തിച്ചേരാത്തതിനേത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.

അതേസമയം അധികൃതര്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാരോപിച്ച് പ്രതിഷേധവും ഉയര്‍ന്നിരുന്നു. നാല് പേരും സുരക്ഷിതരായാണ് തിരിച്ചെത്തിയത്. ഇവര്‍ ക്ഷീണിതരാണ്. രാവിലെ മുതല്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും ഡോണിയര്‍ വിമാനങ്ങളും തിരച്ചില്‍ നടത്തിയിരുന്നു. ഒപ്പം പത്ത് വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങി.

അതിനിടെ, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ടും ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍കോട് അതിശക്തമായ മഴയാണ്. അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് ഒരാളെ കാണാതായി.

ചൊവ്വാഴ്ചവരെ അതിശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എല്ലാ ജില്ലകളും ജാഗ്രത പാലിക്കാന്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. കടല്‍ ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.

ഇടുക്കിയില്‍ മഴ ശക്തമായി തുടരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടര അടി കൂടി. നിലവില്‍ 2307. 12 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മലങ്കര അണക്കെട്ടിന്റെ 1 ഷട്ടര്‍ കൂടി ഇന്ന് രാവിലെ ഉയര്‍ത്തി (ഇന്നലെ വൈകിട്ട് 2 ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു). പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 112.5 അടിയായി. ഇന്നലെ 112.2 അടിയായിരുന്നു. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി.

പൊന്നാനിയില്‍ കടല്‍ക്ഷോഭം വീണ്ടും ശക്തി പ്രാപിച്ചു. തീരപ്രദേശത്തുള്ള കൂടുതല്‍ വീടുകള്‍ തകര്‍ന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.