ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മഴക്കെടുതിയില്‍ മൂന്നുമരണം: വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’ അലര്‍ട്ടുകൾ • ഇ വാർത്ത | evartha
Latest News

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മഴക്കെടുതിയില്‍ മൂന്നുമരണം: വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’ അലര്‍ട്ടുകൾ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ‘ഓറഞ്ച്’ അലർട്ട് ആയിരിക്കും. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചപ്പോൾ നാലുപേരെ കാണാതായി.

കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തർവീതം മരിച്ചത്. തലശ്ശേരിയിൽ വിദ്യാർഥിയായ ചിറക്കര മോറക്കുന്ന് മോറാൽക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുൽ അദ്നാൻ(17) കുളത്തിൽ മുങ്ങിമരിച്ചു. പത്തനംതിട്ടയിൽ മീൻ പിടിക്കാൻ പോയ തിരുവല്ല വള്ളംകുളം നന്നൂർ സ്വദേശി ടി.വി. കോശി(54) മണിമലയാറ്റിൽ വീണുമരിച്ചു. കൊല്ലത്ത് കാറ്റിൽ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നിൽതൊടിയിൽ ദിലീപ്കുമാർ (54) മരിച്ചു.

കോട്ടയം കിടങ്ങൂർ കാവാലിപ്പുഴ ഭാഗത്ത് മീനച്ചിലാറ്റിൽ ഒഴുകിവന്ന തടി പിടിക്കാനിറങ്ങിയ ഒരാളെ ഒഴുക്കിൽപ്പെട്ടു കാണാതായി. കൊല്ലം നീണ്ടകരയിൽ മീൻപിടിക്കാൻ പോയ വള്ളം കാറ്റിൽപ്പെട്ടുതകർന്ന് തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്നു ബുധനാഴ്ച മീൻപിടിക്കാൻ പോയ നാലു മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ചയും കണ്ടെത്താനായില്ല.

അതേസമയം ‘റെഡ്’ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര ( മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാമ്പുകൾ തയ്യാറാക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നിവയാണ് ‘റെഡ്’ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത വർധിക്കും.

അറബിക്കടലിൽ നിന്നുള്ള കാറ്റ് കേരളത്തിനു കുറുകെ വീശി തുടങ്ങിയതോടെയാണ് മഴ ശക്തിപ്പെട്ടത്. പീരുമേട്ടിലും കോഴിക്കോട്ടും 15 സെമീ കനത്ത മഴ രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ കേരളത്തിലെ 66  മഴമാപിനികളും നിറഞ്ഞു തുളുമ്പി എന്നു പറയാം. നിലമ്പൂരിലാണ് ഏറ്റവും കുറവ് – എട്ടു മില്ലീമീറ്റർ. ശബരിമലയിൽ അ‍ഞ്ചു സെമീ രേഖപ്പെടുത്തി.

മൂന്നു ദിവസം കൂടി തുടർന്നാൽ ഏകദേശം 40 സെമീ  വരെ മഴ ലഭിക്കും. ഇതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലവർഷത്തിലെ 48 ശതമാനം കുറവ് ഏറെക്കുറെ പരഹരിക്കപ്പെടും. കനത്ത മഴയിൽ കാസർകോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വെള്ളരിക്കുണ്ട് കിനാനൂരിൽ നാല് കുടുംബങ്ങളെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.