കേരളത്തില്‍ മഴ കനക്കുന്നു; പലയിടങ്ങളിലും ജലനിരപ്പുയര്‍ന്നു; കോഴിക്കോട് ഉരുള്‍പൊട്ടല്‍; അതീവ ജാഗ്രത

single-img
19 July 2019

കേരളത്തില്‍ മഴ കനക്കുന്നു. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയാണ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഒറ്റമഴയില്‍ കോഴിക്കോട് നഗരം വെള്ളത്തിലായി. മാവൂര്‍റോഡ്, പുതിയ ബസ്റ്റാന്‍ഡ് പരിസരം, സ്‌റ്റേഡിയം ജംഗ്ഷന്‍, ശ്രീകണ്‌ഠേശ്വരം റോഡ് എന്നിവിടങ്ങളില്‍ മുട്ടോളം ഉയരത്തിലാണ് വെള്ളം കെട്ടികിടന്നത്.

സ്‌റ്റേഡിയം ജംഗ്ഷനിലെ പല കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. മാവൂര്‍ റോഡിലെ കടകളിലും സമാനമായ അവസ്ഥയാണുള്ളത്. പുലര്‍ച്ചെ മുതലാണ് ജില്ലയുടെ വിവിധ മേഖലകളില്‍ മഴ ശക്തി പ്രാപിച്ചത്. അരമണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്തതോടെ നഗരം വെള്ളക്കെട്ടിലായി. ഇതോടെ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു.

പമ്പാനദിയിലടക്കം ജലനിരപ്പ് ഉയര്‍ന്നു. എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴക്ക് കുറുകെയുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. ഇത് മൂലം ഉറിയംപെട്ടി, വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.

പത്തനംതിട്ട അഴുതയിലെ മൂഴിക്കല്‍ ചപ്പാത്ത് മുങ്ങിയതിനാല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീക്കോയി വാഗമണ്‍ റൂട്ടില്‍ പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന് പോയ പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ ആന്റണി യേശുദാസന്‍ എന്നിവരെ കാണാതായി. ബുധനാഴ്ച വൈകീട്ട് മത്സബന്ധനത്തിന് പോയ ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേത്യത്വത്തില്‍ തുടരുകയാണ്.

വാഗമണ്‍ തീക്കോയി റോഡില്‍ മണ്ണിടിഞ്ഞു. ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ വൈകിട്ട് ഉയര്‍ത്തും. പമ്പയില്‍ ജലനിരപ്പുയര്‍ന്ന് മണല്‍പ്പുറത്തെ കടകളില്‍ വെള്ളം കയറി. നെല്ലിയാമ്പതി, സൈലന്റ്‌വാലി മലനിരകളിലും ഭേദപ്പെട്ട മഴ ലഭിച്ചു. മൂന്നുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018ൽ ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

എമെർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ

ടോര്‍ച്ച്, റേഡിയോ, വെള്ളം, ഒ.ആര്‍.എസ് പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോർച്ചിൽ ഇടാവുന്ന ബാറ്ററി, ബാറ്ററിയും കോൾ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍, അത്യാവശ്യം കുറച്ച് പണം, എ.ടി.എം, പ്രധാനപ്പെട്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ.

ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക. എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ

ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്. ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്‍കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയില്‍ ശ്രദ്ധിക്കുക

1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz

2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz

3. Thrissur തൃശൂര് MW (AM Channel): 630 kHz

4. Calicut കോഴിക്കോട് MW (AM Channel): 684 kHz

തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില്‍ മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക. ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക. ജില്ലാ എമെർജൻസി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകൾ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ എസ്.ടി.ഡി കോഡ് ചേര്‍ക്കുക. പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.

വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക. വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക. വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക. താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക. രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക. ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.

മഞ്ഞ, ഓറഞ്ച്, റെഡ് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടാൽ ഓരോ സർക്കാർ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ‘കാലവർഷ-തുലാവർഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാർഗരേഖ’ കൈപ്പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലെ http://sdma.kerala.gov.in/wp-content/uploads/2019/05/monsoon-prepaedness.pdf എന്ന ലിങ്കിൽ ലഭ്യമാണ്. മഴ മുന്നറിയിപ്പുകൾ സംബന്ധിച്ചുള്ള പൊതു വിവരങ്ങൾക്ക് അധ്യായം രണ്ട് കാണുക. വിവിധ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അധ്യായം 6, 7 എന്നിവ ആശ്രയിക്കുക. കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.