സ്വര്‍ണ വില വീണ്ടും കൂടി; വ്യാപാരം നടക്കുന്നത് സര്‍വ്വകാല റെക്കോര്‍ഡില്‍

single-img
19 July 2019

സ്വര്‍ണ വില വീണ്ടും കൂടി. പവന് 200 രൂപ വര്‍ധിച്ച് 26,120 എന്ന റിക്കാര്‍ഡ് വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഭ്യന്തര വിപണിയില്‍ ചരിത്രത്തില്‍ ആദ്യമായാണ് പവന്റെ വില 26,000 കടക്കുന്നത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ചയും പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തിനിടെ 400 രൂപയാണ് പവന് വര്‍ധിച്ചത്. ജൂലൈ മാസത്തില്‍ മാത്രം പവന് 1,200 രൂപ കൂടി. ആഗോള വിപണിയിലെ വില ഉയര്‍ച്ചയും കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന് രണ്ടര ശതമാനം ഇറക്കുമതി ചുങ്കം കൂട്ടിയതുമാണ് വിലക്കയറ്റത്തിന് കാരണം.

ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1443 ഡോളറാണ് ഇന്നത്തെ നിരക്ക്. 20 ഡോളറാണ് ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളും സ്വര്‍ണവില കുതിച്ചുകയറാന്‍ കാരണമായി.