കർ‘നാടകം’ ക്ലൈമാക്സിലേക്ക്; പിടിച്ചു നില്‍ക്കാന്‍ കുമാരസ്വാമി, അധികാരം പിടിക്കാന്‍ യെദ്യൂരപ്പ

single-img
18 July 2019

കർണാടകത്തിൽ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെങ്കിൽ സർക്കാർ താഴെവീഴാനാണു സാധ്യത. 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്.

വിമതരുടെ രാജിയിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നും എന്നാൽ, വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് എം.എൽ.എ.മാരെ നിർബന്ധിക്കാനാകില്ലെന്നുമുള്ള സുപ്രീംകോടതിയുടെ വിധി, ഫലത്തിൽ സഖ്യസർക്കാരിനെ നിലനിർത്താനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയായി. നിലവിലെ സാഹചര്യത്തിൽ വിശ്വാസവോട്ട് നേടാനുള്ള അംഗബലം ഭരണപക്ഷത്തിനില്ല.

കോൺഗ്രസിൽ നിന്നു പതിമൂന്നും ജനതാദൾ-എസിൽനിന്നു മൂന്നും എം.എൽ.എ.മാരാണു രാജിവെച്ചത്. സർക്കാരിന് വിശ്വാസവോട്ട് നേടണമെങ്കിൽ ഇവരിൽ കുറഞ്ഞത് ഏഴുപേരെ തിരിച്ചെത്തിക്കണം. എന്നാൽ, മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയെ മാത്രമാണു മടക്കിക്കൊണ്ടുവരാനായത്. കോൺഗ്രസിനൊപ്പം നിൽക്കുമെന്നും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുമെന്നും റെഡ്ഡി പറഞ്ഞു.

രാമലിംഗറെഡ്ഡി രാജി പിൻവലിച്ചാൽ ഭരണപക്ഷത്തിന്റെ അംഗബലം 102 ആകും. കെ.പി.ജെ.പി. കോൺഗ്രസിൽ ലയിച്ചതാണെന്നുകാണിച്ച് ആർ. ശങ്കറിനെ അയോഗ്യനാക്കാനുള്ള നീക്കവും കോൺഗ്രസിനുണ്ട്. രാജിവെച്ച മറ്റു 15 എം.എൽ.എ.മാരും ബി.ജെ.പി.യുടെ സംരക്ഷണത്തിലായതിനാൽ അനുനയനീക്കം ബുദ്ധിമുട്ടാണ്.

സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്ത വിമത എം.എൽ.എ.മാർ രാജി തീരുമാനത്തിൽനിന്നു പിൻമാറില്ലെന്ന് ആവർത്തിച്ചു. 15 പേരും മുംബൈയിൽ ക്യാമ്പുചെയ്യുകയാണ്. വിശ്വാസവോട്ടിനുശേഷം വെള്ളിയാഴ്ച ബെംഗളൂരുവിലെത്തുമെന്നു വിമതപക്ഷത്തിന് നേതൃത്വം നൽകുന്ന എ.എച്ച്. വിശ്വനാഥ് പറഞ്ഞു.

കുറഞ്ഞത് 12 എം എൽ എമാർ എങ്കിലും വിട്ടുനിന്നാൽ സർക്കാർ ന്യൂനപക്ഷമാകും. സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. സ്പീക്കറും നാമനിർദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉൾപ്പെടെ 103 അംഗങ്ങളാണ്, വിമതർ എത്തിയില്ലെങ്കിൽ, കോൺഗ്രസ്‌ ജെ ഡി എസ് സഖ്യത്തിന് ഉണ്ടാവുക. 

സർക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാൽ 12 എം എൽ എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കർ എടുത്തേക്കും. ഇതിനിടെ ഒരു കോൺഗ്രസ്‌ എംഎൽഎയെ കാണാതായെന്ന അഭ്യൂഹമുണ്ട്. അതേ സമയം സർക്കാർ ഇന്ന് വീഴുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.