ലോക്കപ്പ് മർദ്ദനത്തിനും കസ്റ്റഡി മരണത്തിനും ഇടവരുത്തുന്ന പോലീസുകാരെ പിരിച്ചു വിടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

single-img
18 July 2019

തിരുവനന്തപുരം : ലോക്കപ്പ് മർദ്ദനങ്ങൾക്കും കസ്റ്റഡി മരണങ്ങൾക്കും ഇടവരുത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സർക്കാരിന് നിർദ്ദേശം നൽകി.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും നടത്തിയ സന്ദർശനത്തിന്  ശേഷം ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിലാണ് ഇക്കാര്യമുള്ളത്. 

ജയിലിൽ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റർ പീരുമേട് ജയിലിൽ ഇല്ലെന്ന് കമ്മീഷൻ കണ്ടെത്തി. ജയിലിൽ പ്രതിയെ എത്തിക്കുമ്പോൾ തത്സമയത്തെ ശാരീരികാവസ്ഥയും ആരോഗ്യ സ്ഥിതിയും പരിക്കുകളും പരിശോധിച്ച്  പ്രതിയോട് നേരിട്ട് സംസാരിച്ച് വിവരങ്ങൾ രേഖപ്പെടുത്താൻ ഒരു രജിസ്റ്റർ ജയിലിൽ സൂക്ഷിക്കണം. ജയിൽ ഉദ്യോഗസ്ഥർ രജിസ്റ്ററിലെ ഉള്ളടക്കം സ്വതന്ത്രമായി രേഖപ്പെടുത്തണം. രജിസ്റ്ററിന്റെ  കൃത്യത ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കണം. 

പ്രതികളെ ജയിലിൽ കൊണ്ടുവരുമ്പോൾ അവരെ ഡോക്ടർ കൃത്യമായി പരിശോധിച്ച് രോഗവിരങ്ങളും പരുക്കുകളും കൃത്യമായി രേഖപ്പെടുത്തിട്ടുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

പോലീസ് സ്റ്റേഷൻ, ജയിൽ എന്നിവിടങ്ങളിൽ നിന്നും മെഡിക്കൽ പരിശോധനക്ക് എത്തിക്കുന്നവരെ ഡോക്ടർമാർ  കൃത്യമായി പരിശോധിച്ച് നിക്ഷ്പക്ഷമായി റിപ്പോർട്ട് തയ്യാറാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകണം. ഇത്തരം മെഡിക്കൽ റിപ്പോർട്ടുകൾ എല്ലാവർക്കും വായിക്കാവുന്ന തരത്തിൽ  ഡോക്ടർമാർ എഴുതേണ്ടതാണ്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

ജയിൽ അന്തേവാസികളുടെ ആശുപത്രി പ്രവേശനമോ മരണമോ ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചതായി ജയിൽ സൂപ്രണ്ട് ഉറപ്പാക്കണം.

ജയിലിൽ എത്തിച്ച കുമാറിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ  എ. ആർ. ക്യാമ്പിൽ നിന്ന് എസ്കോർട്ട് ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ലെന്ന് ജയിൽ അധിക്യതർ കമ്മീഷനിൽ മൊഴി നൽകി. ഈ സാഹചര്യത്തിൽ  ജയിൽ അന്തേവാസികൾക്ക് എസ്കോർട്ട് കൃത്യമായി ലഭ്യമാക്കി ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് സംസ്ഥാന പോലീസ് മേധാവിയും ജയിൽ മേധാവിയും നിർദ്ദേശം നൽകണം. കമ്മീഷൻ റിപ്പോർട്ടിൻ മേൽ സർക്കാർ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം ഹാജരാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

കസ്റ്റഡിയിൽ മരണപ്പെട്ട കുമാർ

ജൂൺ 17 ന് രാത്രി 1.20 നാണ് നെടുങ്കണ്ടം സ്റ്റേഷനിലെ ഒരു ഹോം ഗാർഡും 3 പോലീസുകാരും ചേർന്ന് കുമാറിനെ ജയിലിൽ എത്തിച്ചതെന്നും പതിവിന് വിപരീതമായി പോലീസ്ജീപ്പ് ജയിൽ ഗേറ്റിനുള്ളിൽ കയറ്റിയെന്നും പീരുമേട് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കമ്മീഷനിൽ മൊഴി നൽകി.

തീരെ അവശനും നടക്കാൻ  കഴിയാത്ത നിലയിലുമായിരുന്നു കുമാർ. പോലീസുകാരും ജയിൽ  ഉദ്യോഗസ്ഥരും താങ്ങിയെടുത്താണ് സെല്ലിൽ എത്തിച്ചത്. അവശതയെ കുറിച്ച് ചോദിച്ചപ്പോൾ കാൽമുട്ടിന് വേദനയുണ്ടെന്നും ഓടിയപ്പോൾ വീണതെന്നും കുമാർ പറഞ്ഞു.

ആശുപത്രിയിൽ പോകേണ്ട കാര്യമില്ലെന്നും കുമാർ  പറഞ്ഞത്രേ. ജയിൽരേഖയിൽ ഇക്കാര്യങ്ങൾ തമിഴിൽ എഴുതി കുമാർ വിരലടയാളം പതിപ്പിച്ചതായി ജയിൽ സൂപ്രണ്ടും എപിഒയും കമ്മീഷനോട് പറഞ്ഞു.

അന്നു തന്നെ വെളുപ്പിന് 1. 50 ന് കുമാറിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഇടുക്കി  എ. ആർ ക്യാമ്പിലേക്ക് എസ്കോർട്ട് ആവശ്യപ്പെട്ട് ജയിൽ അധികൃതർ മെയിൽ അയച്ചതായി മൊഴിയിലുണ്ട്.

എന്നാൽ എസ്കോർട്ട് വന്നില്ല. തുടർന്ന് ജൂൺ 18 ന് ജയിൽ ജീവനക്കാർ കുമാറിനെ എസ്കോർട്ടില്ലാതെ ആശുപത്രിയിൽ കൊണ്ടു പോയതായി എ പി ഒ പറഞ്ഞു.

19 നും 20നും കുമാറിനെ എസ്കോർട്ടോടെ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടു പോയി ചികിത്സിച്ചു. 21 ന് രാവിലെ 10 -20 ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 10. 45 ന് മരണം സ്ഥിതീകരിച്ചതായി ജയിൽ സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു.

കുമാറിന്റെ മരണം സ്ഥിതീകരിക്കുന്ന ഡോക്ടർ  സർട്ടിഫിക്കേറ്റ് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും സർട്ടിഫിക്കേറ്റ് ലഭിച്ചില്ലെന്ന് സൂപ്രണ്ട് മറുപടി പറഞ്ഞു.

കുമാർ സെല്ലിൽ എത്തുമ്പോൾ തീരെ അവശനായിരുന്നുവെന്നും നടക്കാനോ ഇരിക്കാനോ കഴിയുമായിരുന്നില്ലെന്നും സഹതടവുകാരൻ ചാക്കോ കമ്മീഷനെ അറിയിച്ചു. തന്നെ പോലീസുകാർ ഉപദ്രവിച്ചതായി കുമാർ ഇയാളോട് പറഞ്ഞു. സെല്ലിൽ എത്തിച്ച ശേഷം ആരും ഉപദ്രവിച്ചിട്ടില്ലെന്നും ചാക്കോയുടെ മൊഴിയിലുണ്ട് .

കുമാറിനെ ജയിലിൽ എത്തിച്ചപ്പോൾ ശരീരത്തിലെ പരുക്കുകൾ ജയിൽ, ആശുപത്രി രേഖകളിൽ രേഖപ്പെടുത്തിയിരുന്നില്ലെന്ന് കമ്മീഷൻ കണ്ടെത്തി. അവശനായ കുമാറിന്റെ ദേഹസ്ഥിതി നോട്ട് ചെയ്യാത്തത് എന്തു കൊണ്ടാണെന്ന ചോദ്യത്തിന് അത്തരമൊരു രജിസ്റ്റർ ഇല്ലെന്നായിരുന്നു സൂപ്രണ്ടിന്റെ  മറുപടി. കുമാറിന്റെ ആരോഗ്യ സ്ഥിതി, ആശുപത്രിയിൽ കൊണ്ടു പോകാൻ എസ്കോർട്ട് ലഭിക്കാത്തത് തുടങ്ങിയ കാര്യങ്ങൾ യഥാസമയം മുതിർന്ന ജയിൽ ഉദ്യോഗസ്ഥരെയൊ ജയിൽ മേധാവിയെയോ അറിയിച്ചില്ലെന്ന് സൂപ്രണ്ട് കമ്മീഷന് മുന്നിൽ സമ്മതിച്ചു.

എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതിരുന്ന കുമാറിൽ നിന്ന് വീണ് പരിക്ക് പറ്റിയതാണെന്ന് എഴുതി വാങ്ങി വിരൽ അടയാളം പതിപ്പിച്ചത്  വിചിത്രമാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിരീക്ഷിച്ചു.

ആളെ കണ്ടിട്ട് കുഴപ്പം തോന്നാത്തത് കൊണ്ടാണ് ആശുപത്രിയിൽ കൊണ്ടുപോകാത്തതെന്ന  ജയിൽ ഉദ്യോഗസ്ഥരുടെ വാദം അവിശ്വസനീയമാണ്. കുമാർ അവശനല്ലായിരുന്നെങ്കിൽ എന്തിനാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ രാത്രി എസ്കോർട്ട് ചോദിച്ചത്?

എസ്കോർട്ട് കിട്ടിയില്ലെങ്കിലും ജയിലിലെ ആമ്പുലൻസിൽ കുമാറിനെ ആശുപത്രിയിൽ എത്തിക്കാത്തത് വീഴ്ചയാണെന്ന് കമ്മീഷൻ ചൂണ്ടി കാണിച്ചു.

എസ്കോർട്ട് കിട്ടാതെ 18 ന് കുമാറിനെ ജയിൽ ഉദ്യോഗസ്ഥർ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ചികിത്സ കിട്ടാനുള്ള കാലതാമസം കുമാറിന്റെ മരണത്തിന് ഏതെങ്കിലും തരത്തിൽ ഹേതുവായിട്ടുണ്ടാകുമെന്നും ഉത്തരവിലുണ്ട്.  പീരുമേട്  സബ്ജയിൽ അധിക്യതരുടെ  ഗുരുതര വീഴ്ച കമ്മീഷൻ കണ്ടെത്തി.

നെടുകണ്ടം പോലീസ് സ്റ്റേഷനിലെത്തിയ കമ്മീഷന് സ്റ്റേഷൻ റെക്കോർഡും മറ്റും പരിശോധിക്കാൻ കഴിഞ്ഞില്ല. അത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കൊണ്ടുപോയതായി എസ് എച്ച് ഒ ജയകുമാർ പറഞ്ഞു. വിവരങ്ങൾ ചോദിക്കാൻ ഒരു വനിതാ ഓഫീസറെ പോലും കമ്മീഷന് മുന്നിൽ ഹാജരാക്കിയില്ല.

കുമാറിനെ  ജൂൺ 12 നാണ് കസ്റ്റഡിയിലെടുത്തത്. രേഖകൾ പരിശോധിച്ചതിൽ കോടതിയിൽ ഹാജരാക്കിയത് 16 ന് മാത്രമാണ്. പോലീസ് സ്റ്റേഷനിൽ നടന്നെത്തിയ കുമാറിനെ ജയിലിലെത്തിച്ചത് താങ്ങിയെടുത്താണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 

അന്വേഷണത്തിന് കമ്മീഷൻ വരുമെന്ന് അറിയിച്ചിട്ടും വിവരങ്ങൾ അറിയുന്ന പോലീസുകാരനെ സർഫാസി കേസ് അന്വേഷിക്കുന്ന അഭിഭാഷക കമ്മീഷന്റെ  എസ് എച്ച് ഒ പറഞ്ഞയച്ചത് മനപൂർവമാണോ എന്ന് കമ്മീഷൻ സംശയിച്ചു. നെടുങ്കണ്ടം സ്റ്റേഷനിൽ നിലവിൽ  ജോലി ചെയ്യുന്നവർക്ക് ഇക്കാര്യത്തിൽ തുറന്ന സമീപനം ഉണ്ടോ എന്നും കമ്മീഷൻ സംശയം പ്രകടിപ്പിച്ചു.

പോലീസ് സ്റ്റേഷൻ, ജയിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പരിശോധനക്ക് എത്തിക്കുന്ന പ്രതികളെ  നേരിൽ കാണാതെയും രോഗം വിവരം പോലും തിരക്കാതെയും പോലീസുകാരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ഡോക്ടർമാർ റിപ്പോർട്ട് എഴുതി നൽകുന്നതായി പരക്കെ  ആക്ഷേപമുണ്ടെന്ന്  ജസ്റ്റിസ്  ആൻറണി ഡൊമിനിക്  നിരീക്ഷിച്ചു. 

അച്ചടക്കം പാലിക്കേണ്ട സേനയാണ് പോലീസെന്ന് ഉത്തരവിൽ പറയുന്നു. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ അവരും ബാധ്യസ്ഥരാണ്. നിയമങ്ങളുടെ അഭാവവും പോരായ്മയുമല്ല കസ്റ്റഡി പീഡനങ്ങൾക്കും മരണങ്ങൾക്കും  കാരണം. പോലീസിന്റ പെരുമാറ്റത്തെ കുറിച്ചും മൂന്നാം മുറ ഒഴിവാക്കേണ്ടതിനെ കുറിച്ചും  നിരവധി സർക്കുലറുകൾ പോലീസ് മേധാവി ഇറക്കിയിട്ടുണ്ട്.

എന്നിട്ടും  ഇത്തരം കിരാത പ്രവൃത്തികൾ ആവർത്തിക്കുന്നത് സസ്പെൻഷൻ ഉണ്ടായാൽ വർധിത വീര്യത്തിൽ തിരിച്ചെത്താം എന്ന ധാരണ ഉള്ളത് കൊണ്ടാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർ സംരക്ഷിക്കപ്പെടും എന്നും ഒരു വിശ്വാസമുണ്ട്. പോലീസിന്റെ നീചമായ പ്രവൃത്തികൾ കേരളം പോലെ സംസ്കാര സമ്പന്നമായ ഒരു നാടിനും സർക്കാരിനും അപമാനമാണെന്ന് ഉത്തരവിൽ പറയുന്നു.

ഇത്തരക്കാരെ സർവീസിൽ നിന്നും പറഞ്ഞു വിട്ടാൽ കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മർദ്ദനങ്ങളും  ഇല്ലാതാക്കാമെന്നും  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.