ഹെല്‍മെറ്റ് ധരിക്കാതെ യാത്ര; ചോദ്യം ചെയ്ത പൊലീസിനെ തല്ലി യുവതി: വീഡിയോ • ഇ വാർത്ത | evartha
National

ഹെല്‍മെറ്റ് ധരിക്കാതെ യാത്ര; ചോദ്യം ചെയ്ത പൊലീസിനെ തല്ലി യുവതി: വീഡിയോ

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ സ്ത്രീയെയും പുരുഷനെയും തടഞ്ഞ ട്രാഫിക് പൊലീസിന് നേരെ കയ്യേറ്റ ശ്രമം. ഡല്‍ഹിയിലെ മായാപുരിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. പൊലീസിനെ ആക്രമിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

പൊലീസ് കോണ്‍സ്റ്റബിള്‍ ഇവരുടെ വണ്ടി തടഞ്ഞപ്പോള്‍ സ്ത്രീ ചാടിയിറങ്ങുന്നത് വീഡിയോയില്‍ കാണാം. പിന്നീട് ഉദ്യോഗസ്ഥനോട് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും അയാളെ തള്ളി മാറ്റുകയും ചെയ്യുന്നു. ഇവരുടെ സ്‌കൂട്ടറിന്റെ താക്കോല്‍ കോണ്‍സ്റ്റബിള്‍ ഊരിമാറ്റുന്നു. അതോടെ കയ്യിലിരുന്ന മൊബൈല്‍ ഉപയോഗിച്ച് സ്ത്രീ കോണ്‍സ്റ്റബിളിനെ അടിക്കുകയും ബലമായി താക്കോല്‍ തട്ടിയെടുക്കുകയും ചെയ്യുന്നുണ്ട്.

റോഡ് ബ്ലോക്കായതോടെ പ്രശ്‌നത്തില്‍ ഇടപെട്ട മറ്റ് യാത്രക്കാര്‍ക്ക് നേരെയും ഇരുവരും കയര്‍ത്തു. തല്ലിയത് യുവതി ആയതിനാല്‍ പൊലീസുകാരന്‍ പ്രതികരിച്ചില്ല. രണ്ടുപേരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് രാത്രി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.