രാജ്യത്തിന്റെ ഏത് കോണിലെയും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന് അമിത് ഷാ

single-img
18 July 2019


അനധികൃത കുടിയേറ്റക്കാരെ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയിൽ സമാജ് വാദി പാർട്ടി അംഗം ജാവേദ് അലി ഖാൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നത് ബി.ജെ.പിയുടെ പ്രകടന പത്രികയിലുള്ളതാണ്. രാജ്യത്തിന്റെ ഏത് കോണിലും ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തും. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് അവരെ നാടുകടത്തും’, അമിത് ഷാ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അസമില്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് ആവശ്യമുയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ഇക്കാര്യമാവശ്യപ്പെട്ട് 25 ലക്ഷം പേര്‍ ഒപ്പിട്ട പരാതി കേന്ദ്രത്തിനും രാഷ്ട്രപതിക്കും അയച്ചിട്ടുണ്ട്. ജൂലൈ 31 വരെ ആണ് സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്.