ശബരിമലയിലെ വിവരങ്ങള്‍ പൊലീസ് ആര്‍.എസ്.എസിന് ചോര്‍ത്തി നല്‍കി; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

single-img
16 July 2019

ക്രമസമാധാനം വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ വിവരങ്ങള്‍ പൊലീസ് ആര്‍.എസ്.എസിന് ചോര്‍ത്തി നല്‍കിയെന്നും സ്ത്രീകള്‍ പത്തനംതിട്ട ജില്ല കടക്കുന്നതിന് മുമ്പ് തന്നെ വിവരം ആര്‍.എസ്.എസ് നേതാക്കള്‍ അറിഞ്ഞുവെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇങ്ങനെയുള്ളവര്‍ എങ്ങനെ ക്രമസമാധാനം നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഉത്തരവാദിത്തത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞു നിന്നു. മനിതി സംഘം എത്തിയപ്പോള്‍ ഉത്തരവാദിത്തം മറന്ന പൊലീസുകാര്‍ സ്വന്തം താല്‍പര്യം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

പൊലീസ് സേനയില്‍ നിന്ന് പലപ്പോഴും വിവരങ്ങള്‍ ചോര്‍ന്നു. ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ കരി തേച്ചുകാണിക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കസ്റ്റഡി മരണത്തിന്റെ സാഹചര്യവും വിമര്‍ശന വിധേയമായി. പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്നായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം.

കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.