ഇംഗ്ലണ്ടിന്റെ വിജയം: വിവാദം കത്തുന്നു

single-img
15 July 2019

ചരിത്രത്തിലാദ്യമായി സൂപ്പര്‍ ഓവറിലേക്ക് നീണ്ട ലോകകപ്പ് ഫൈനല്‍. പക്ഷേ അതിലും ഫലം കാണാതെ വന്നപ്പോള്‍ ബൗണ്ടറിക്കണക്കില്‍ ലോകക്രിക്കറ്റിന്റെ വിജയിയെ തീരുമാനിക്കുക. ചരിത്രരേഖകളില്‍ എല്ലാക്കാലത്തും രേഖപ്പെടുത്തിയിട്ടുണ്ടാകും സ്വന്തം മണ്ണിലെ ഇംഗ്ലണ്ടിന്റെ ഈ വിജയം. പക്ഷേ സൂപ്പർ ഓവറിലൂടെ ചാമ്പ്യന്മാരെ കണ്ടെത്തിയ മാനദണ്ഡത്തെ ചൊല്ലി വിവാദം കത്തുകയാണ് .

സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 16 റണ്‍സെന്ന ലക്ഷ്യത്തെ സധൈര്യം നേരിട്ട ന്യൂസിലന്‍ഡിന് അവസാന പന്തില്‍ റണ്‍ ഔട്ടിന്റെ രൂപത്തില്‍ ലോര്‍ഡ്‌സിലെ ഭൂതം പിടികൂടുമെന്ന് ആരും വിചാരിച്ചുകാണില്ല. അവസാന ഓവറെറിഞ്ഞ ജോഫ്ര ആര്‍ച്ചറും തോല്‍വിയിലേക്കു നീങ്ങിയ ടീമിനെ ഒറ്റയ്ക്കു തോളില്‍ ചുമന്ന് വിജയത്തിലേക്കു നയിച്ച ബെന്‍ സ്‌റ്റോക്‌സും കണ്ണുനീരൊഴുക്കിയായിരുന്നു ആ ലോകകപ്പ് വിജയത്തെ സ്വീകരിച്ചത്.

100 ഓവര്‍ മത്സരം സമനിലയിൽ അവസാനിച്ച ശേഷമുള്ള സൂപ്പര്‍ ഓവറും ടൈ എങ്കില്‍ 50 ഓവറിലും സൂപ്പര്‍ ഓവറിലും ആയി ഏറ്റവും കൂടുതൽ ബൗണ്ടറി നേടുന്ന ടീം ജയിക്കണമെന്ന നിയമമാണ് ഇംഗ്ലണ്ടിന് നേട്ടമായത്. 

ഇംഗ്ലണ്ട് ആകെ 26 തവണ പന്ത് അതിര്‍ത്തി കടത്തിയപ്പോള്‍ ന്യൂസിലന്‍ഡിന്‍റെ പേരിലുണ്ടായത് മൂന്ന് സിക്സര്‍ അടക്കം 17 എണ്ണം. ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിര്‍ണയിക്കുന്നതിൽ പരിഗണിക്കുമ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന വിമര്‍ശനവുമായി ഡീന്‍ ജോൺസും ഗൗതം ഗംഭീറും അടക്കമുള്ളവര്‍ രംഗത്തെത്തിക്കഴിഞ്ഞു. 

കൂടുതൽ എയ്സ് പായിച്ചയാളെ ടെന്നിസിൽ വിജയിയായി പ്രഖ്യാപിക്കുമോ എന്നാണ് ഇവരുടെ ചോദ്യം. രണ്ടാം വട്ടവും ടൈ ആയപ്പോള്‍ കിരീടം പങ്കിടേണ്ടിയിരുന്നു എന്ന് വാദിക്കുന്നവരും കുറവല്ല. ബാറ്റ്സ്മാന്മാരുടെ കളിയായി ക്രിക്കറ്റിനെ മാറ്റുകയും ബൗളറുടെ അധ്വാനത്തെ അവഗണിക്കുകയും ചെയ്യുന്നതാണ് ഈ നിയമം എന്നതും പലരും ചൂണ്ടിക്കാട്ടുന്നു.