നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രി സ്ഥാനം രാജിവെച്ചു

single-img
14 July 2019

പഞ്ചാബ് മന്ത്രിസഭാ അംഗവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജി വച്ചു. സംസ്ഥാനത്തെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തെരഞ്ഞടുപ്പിന് തൊട്ടുപിന്നാലെ ഒഴിവാക്കിയതുള്‍പ്പടെ പാര്‍ട്ടിയിലെ തമ്മിലടിയുടെ ഭാഗമായാണ് രാജി എന്നാണ് വിലയിരുത്തപ്പെടുന്നത്.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ നഗരമേഖലയില്‍ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടര്‍ന്നാണെന്ന് അമരീന്ദര്‍ സിംഗ് നേരത്തേ ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്റെ തലയില്‍ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു തുടര്‍ച്ചയായി മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് വിട്ടു നിന്നു.

മന്ത്രിസഭയുടെ യോഗത്തില്‍ പങ്കെടുക്കാതെ പകരം അതേസമയത്ത് ഫേസ്ബുക്കില്‍ ലൈവ് ചെയ്ത് പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതലയില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുറത്താക്കിയത്.