പ്രതികള്‍ യൂണിയന്‍ ഓഫിസിലുണ്ടെന്ന് കുത്തേറ്റ അഖിലിന്റെ സുഹൃത്തുക്കള്‍‍:പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ ഒളിവിലെന്ന് പോലീസ്

single-img
13 July 2019

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ ഒളിവിലെന്ന് പോലീസ്. കഴിഞ്ഞ ദിവസം പ്രതികള്‍ക്കായി വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.പ്രതികളായ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പോലീസ് കേസെടുത്തത്. പ്രതികള്‍ പോവാന്‍ സാധ്യതയുള്ള ഒട്ടുമിക്ക സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം ചില പ്രതികള്‍ പോലീസില്‍ കീഴടങ്ങുമെന്നാണ് സൂചന.

അതേസമയം പ്രതികളായ എല്ലാവരും കേരളാ സര്‍വകലാശാലയിലെ യൂണിയന്‍ ഓഫിസിലുണ്ടെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയപ്പോഴും പോലീസ് അവിടെകയറി പരിശോധ നടത്താന്‍ തയ്യാറായിട്ടില്ല.

ഇന്നലെ സംഘര്‍ഷമുണ്ടാകുന്നതിനിടയില്‍ പൊലിസിന്റെ മുന്നില്‍വച്ച്‌ പ്രതികള്‍ രക്ഷപ്പെട്ടുവെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്. എന്നാല്‍ പ്രധാന പ്രതികളെ പിടികൂടുക എന്നതാണ് ലക്ഷ്യമെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.