യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം; ഒന്നാം പ്രതി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍

single-img
13 July 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത് സംസ്ഥാന സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍. ഈ മാസം ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്.

ലിസ്റ്റില്‍ വന്നവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
സംസ്ഥാന സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍(കാസർകോട്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിതിന് ഒന്നാം റാങ്കുള്ളത്.

പി എസ് സി നടത്തിയ പരീക്ഷയില്‍ 78.33 മാര്‍ക്കാണ് ശിവരഞ്ജിതിന് ലഭിച്ചത്. അതിന് പുറമെ സ്പോര്‍ട്സ് വെയിറ്റേജായി 13.58 മാര്‍ക്ക് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് ലഭിച്ചു. അതേസമയം രണ്ടാം പ്രതിയായ നസീം പോലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്.