നിയമലംഘനങ്ങൾ; ആറ് വര്‍ഷത്തിനിടയിൽ 36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈറ്റ്

single-img
12 July 2019

രാജ്യത്ത് നടത്തിയ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 1.48 ലക്ഷം പ്രവാസികളെയാണ് ഇക്കാലയളവില്‍ നാടുകടത്തിയത്.

കുവൈറ്റിലെ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് കൂടുതല്‍ പേരെയും നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കൂട്ടത്തില്‍ മദ്യം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ടവര്‍, ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവയുടെ പേരില്‍ പിടിയിലായവര്‍, യാചകര്‍ തുടങ്ങിയവരെയും വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടവരെയും നാടുകടത്തിയിട്ടുണ്ട്.

ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് പുറമെ ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, എത്യോപ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരില്‍ കൂടുതലുള്ളത്.