കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കും, കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു

single-img
11 July 2019

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമി രാജിവച്ചേക്കും. രാവിലെ 11 മണിക്ക് വിധാൻ സൗധയിൽ ചേരുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി കുമാരസ്വാമി രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഗവർണർ വജുഭായ് വാലയെ കണ്ട് നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശ കുമാരസ്വാമി നൽകിയേക്കും. വിമതരെ അനുനയിപ്പിക്കാൻ ഉള്ള നീക്കങ്ങൾ പാളിയതും വിമതർ സുപ്രീംകോടതിയിലെത്തിയതും ബിജെപി ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ടതും കോണ്‍ഗ്രസിന്‍റെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

കോൺഗ്രസ് നേതൃത്വത്തിൽ ജെഡിഎസ് പിന്തുണയോടെ കർണാടകത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകളും തുടങ്ങിയെന്നാണ് വിവരങ്ങൾ. സർക്കാരുണ്ടാക്കിയാൽ കോൺഗ്രസിന് പിന്തുണ നൽകാമെന്ന് ജെഡിഎസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ വന്നാൽ വിമതർ തിരികെ എത്തുമെന്നാണ് കരുതുന്നത്. അതിനിടെ മുംബൈയിലായിരുന്ന ഒരു വിമത എംഎൽഎ സോമശേഖര തിരികെ ബെംഗളൂരുവിലെത്തി. എംഎൽഎ സ്ഥാനം മാത്രമാണ് താൻ രാജിവെച്ചതെന്നും ഇപ്പോഴും താൻ കോൺഗ്രസ്പ്രവർത്തകനാണെന്നും സോമശേഖര പറഞ്ഞു. ഇനി താൻ മുംബൈയിലേക്ക് പോകുന്നില്ലെന്നും സോമശേഖര വ്യക്തമാക്കി.

അതേസമയം, കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് സുപ്രീകോടതി പരിഗണിക്കും. വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കോടതിയാണ് പരിഗണിക്കുക. രാജി സ്വീകരിക്കാൻ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

സ്പീക്കര്‍ക്ക് രാജികത്ത് നൽകിയ പത്ത് എംഎൽഎമാരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കുമാരസ്വാമിയുടേത് അഴിമതി ഭരണമാണെന്നും നിയമസഭ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാൻ കുമാരസ്വാമി തയ്യാറാകുന്നില്ലെന്നും ഹര്‍ജിയിൽ എംഎൽഎമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അയോദ്ധ്യ കേസിന് ശേഷമാകും കര്‍ണാടകത്തിലെ വിമത എം.എൽ.എമാരുടെ ഈ ഹര്‍ജി പരിഗണിക്കുക.