തൂത്തുക്കുടിയില്‍ വെച്ച് ‘പ്രധാനമന്ത്രിയുടെ സഡക് യോജന’ എന്ന ബോര്‍ഡ് കണ്ടു, പക്ഷെ എന്താണെന്ന് മനസിലായില്ല: കനിമൊഴി

single-img
11 July 2019

കേന്ദ്രസര്‍ക്കാർ രാജ്യമാകെ കൊണ്ടുവരുന്ന പദ്ധതികളുടെ ഹിന്ദിയിലുള്ള പേരിനെതിരെ ഡിഎംകെ എംപി കനിമൊഴി. കേന്ദ്ര സർക്കാർ എല്ലാ പദ്ധതികള്‍ക്കും ഹിന്ദിയിലാണ് പേര് കൊടുക്കുന്നതെന്നും സാധാരണക്കാരായ ഗ്രാമീണര്‍ എങ്ങനെ ഇത്‌ മനസിലാക്കുമെന്നും കനിമൊഴി ചോദിച്ചു. ഇന്ന് ലോക്സഭയിലാണ് കനിമൊഴി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പ്രധാന്‍മന്ത്രി സഡക് യോജന എന്ന കേന്ദ്ര പദ്ധതിയെക്കുറിച്ച് തൂത്തുക്കുടിയില്‍ ഹിന്ദിയില്‍ എഴുതിയ ബോര്‍ഡ് കണ്ടിട്ട്‌ തനിക്ക് പോലും അത് മനസിലായിട്ടില്ലെന്നും പരിഹസിച്ചായിരുന്നു കനിമൊഴിയുടെ വിമര്‍ശനം. നരേന്ദ്രമോദി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും പേര്‌ ഹിന്ദിയിലാണ് നാമകരണം ചെയ്യുന്നത്. എന്റെ ജില്ലയിലുള്ള ഒരു ഗ്രാമീണൻ ഇത് എന്താണെന്നാണ് മനസിലാക്കുക. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്രധാനമന്ത്രിയുടെ സഡക് യോജന എന്ന ബോര്‍ഡ് കണ്ടു. എന്താണെന്ന് എനിക്ക് മനസിലായില്ല.- കനിമൊഴി പറഞ്ഞു.

രാഷ്ട്രഭാഷയായ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കുന്നതിനെതിരേ തമിഴ്‌നാട്ടില്‍ വ്യാപകപ്രതിഷേധമുയര്‍ന്നിരുന്നു. ഭാഷാ പഠനത്തിലെ പുതിയ ശുപാര്‍ശക്കെതിരേ കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് പ്രതിഷേധം അലയടിച്ചത്.