പാര്‍ലമെന്റില്‍ മുദ്രാവാക്യം വിളിച്ച് രാഹുല്‍ ഗാന്ധി

single-img
9 July 2019

കര്‍ണാടക വിഷയത്തില്‍ ലോക്‌സഭയില്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദി ബി.ജെ.പിയാണെന്ന് ആരോപിച്ചായിരുന്നു സഭയില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്.

വിഷയത്തില്‍ ലോക്‌സഭയില്‍ ചര്‍ച്ച വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിലാണ് രാഹുലും പങ്കുചേര്‍ന്നത്. ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തുന്നത്. കര്‍ണാടകയില്‍ ബിജെപി മറ്റുപാര്‍ട്ടികളിലെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുകയാണെന്നാരോപിച്ച് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

ഇതോടെ കോണ്‍ഗ്രസ് എംപിമാരുടെ മുദ്രാവാക്യം രാഹുല്‍ ഗാന്ധിയും ഏറ്റുവിളിച്ചു. 17ാം ലോക്‌സഭയില്‍ ആദ്യമായാണ് സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. കര്‍ണാടക വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. 

വിഷയം തിങ്കളാഴ്ച സഭ ചര്‍ച്ച ചെയ്യാമെന്നും രാജ്‌നാഥ് സിങ് വിഷയത്തില്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. എന്നാല്‍ ജനാധിപത്യം സംരക്ഷിക്കുക എന്നത് താങ്കളുടെ കടമയാണെന്ന് ചൗധരി പറഞ്ഞു. സ്പീക്കറുടെ പ്രതികരണത്തില്‍ പ്രതിഷേധിച്ച് ചൗധരി വീണ്ടും വിഷയം ഉന്നയിച്ചു.

എന്നാല്‍ സ്പീക്കര്‍ വിഷയം പരിഗണനക്കെടുതിരുന്നതോടെ ചൗധരി മുദ്രാവാക്യം വിളിച്ചു തുടങ്ങി. സ്വേച്ഛാധിപത്യം തുലയട്ടെ, വേട്ടയാടല്‍ രാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ത്തിയത്. ഇതോടെ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം ഏറ്റുവിളിച്ചുതുടങ്ങി.

പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ ഇതിനെതിരെയും സ്പീക്കര്‍ രംഗത്തെത്തി. ഈ രാജ്യം നിങ്ങളെ ഉറ്റുനോക്കുകയാണെന്നും ഇവിടെ നിങ്ങള്‍ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നുമായിരുന്നു സ്പീക്കര്‍ പറഞ്ഞത്. ഇത് ഞങ്ങളുടെ അവകാശമാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞെങ്കിലും ഇതല്ല നിങ്ങളുടെ അവകാശം എന്ന് പറഞ്ഞ് സ്പീക്കര്‍ അംഗങ്ങള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു. മുദ്രാവാക്യം വിളിച്ച എം.പിമാരെ സ്പീക്കര്‍ ശാസിക്കുകയും ചെയ്തു