കോണ്‍ഗ്രസ് നീക്കം പാളി; വിമതരെത്തിയില്ല: നിയമസഭ ചേരുമ്പോള്‍ നിങ്ങള്‍ക്ക് കാര്യം മനസിലാകുമെന്ന് കെ.സി വേണുഗോപാല്‍

single-img
9 July 2019

കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ, കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗം പുരോഗമിക്കുന്നു. വിമത എം.എല്‍.എമാര്‍ യോഗത്തിനെത്തിയില്ല. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മന്ത്രി പദവികള്‍ വാഗ്ദാനം ചെയ്തിട്ടും വിമത എം.എല്‍.എമാര്‍ തിരിച്ചുവരാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. എന്നാല്‍ സഖ്യസര്‍ക്കാരിന് നിലവില്‍ പ്രതിസന്ധികളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടുപോകില്ല. നിയസഭ ചേരുമ്പോള്‍ നിങ്ങള്‍ക്ക് ആ കാര്യം മനസിലാകുമെന്നും കെ.സി വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു.

അതിനിടെ, ഏറ്റവും ഒടുവില്‍ കെ.സി വേണുഗോപാലിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ അച്ചടക്കനടപടി നേരിട്ട റോഷന്‍ ബെയ്ഗും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. ഒരു മാസം മുമ്പ് മന്ത്രിമാരായ രണ്ട് സ്വതന്ത്രര്‍ കൂടി ബിജെപി പക്ഷത്തേക്ക് ചാഞ്ഞതോടെ പ്രതിപക്ഷത്ത് 107 പേരുടെ പിന്തുണയായി.

ബിജെപിക്ക് തനിച്ച് 105 എംപിമാരുണ്ട്. ഭരണപക്ഷത്തെ അംഗബലം 104 ആയി ചുരുങ്ങി. 224 അംഗസഭയില്‍ 13 വിമതരെ മാറ്റിനിര്‍ത്തിയാല്‍ 211 പേരാകും. പുതിയ സാഹചര്യത്തില്‍ 106 പേരുടെ പിന്തുണയുണ്ടെങ്കില്‍ കേവല ഭൂരിപക്ഷമാകും. ഇതോടെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാഹചര്യമൊരുങ്ങും.

യോഗത്തിന് എത്താത്ത എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും അയോഗര്യാക്കാന്‍ സ്പീക്കര്‍ കത്ത് നല്‍കും. സ്പീക്കര്‍ ഈ ശുപാര്‍ശ അംഗീകരിച്ചാല്‍ അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് മന്ത്രിസ്ഥാനം അടക്കമുള്ള പദവികള്‍ വഹിക്കാന്‍ കഴിയില്ല. ഇതില്‍ സ്പീക്കറുടെ നിലപാടാകും നിര്‍ണായകമാകുക.

നിയമസഭാംഗത്വം രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലല്ലെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സംഘടിത നീക്കമായിരുന്നു എന്നുമാകും അയോഗ്യതയ്ക്കായി കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍. വിമതര്‍ ഒന്നിച്ചു രാജി നല്‍കിയതും വാര്‍ത്താസമ്മേളനം നടത്തിയതും തെളിവായി അവതരിപ്പിക്കും. തമിഴ്‌നാട്ടില്‍ ടി.ടി.വി. ദിനകരനൊപ്പം നിന്ന 18 അണ്ണാ ഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതാണ് അടുത്ത കാലത്തെ സമാന സംഭവം.