ആദ്യം ബാറ്റ് ചെയ്യണം, അല്ലെങ്കില്‍ പണി പാളും; ടൈ വന്നാല്‍ സൂപ്പര്‍ ഓവര്‍

single-img
9 July 2019

ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ത്യ ഇന്ന് ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. മത്സരത്തിനായി മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇരുടീമുകളും എത്തിയെങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് മഴ പെയ്യാനുള്ള സാധ്യത 60 % വും 7.30ന് മഴ പെയ്യാനുള്ള സാധ്യത 50 % വുമാണ്. നിലവില്‍ കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ടോസിനു ശേഷം മഴ രസം കൊല്ലിയായാല്‍ കളിയുടെ ബാക്കി റിസര്‍വ് ദിവസത്തില്‍ നടക്കും.

രണ്ടാമതും ടോസിട്ട് മത്സരം പുതിയതായി തുടങ്ങില്ല. ഇനി രണ്ടാം ദിവസവും മഴപെയ്താല്‍ മഴ നിയമ പ്രകാരം വിജയിയെ നിശ്ചയിക്കും. മത്സരം ടൈ ആയാല്‍ സൂപ്പര്‍ ഓവറിലൂടെ വിജയികളെ കണ്ടെത്തും.

മത്സരം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീം ഫൈനലിലേക്ക് മുന്നേറും. അങ്ങനെയെങ്കില്‍, ആദ്യസെമി മഴ മൂലം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ഇന്ത്യ ഫൈനലിലേക്കെത്തും.

പിച്ച് റിപ്പോര്‍ട്ട്: പ്രാഥമിക ഘട്ടത്തില്‍ ഈ ഗ്രൗണ്ടില്‍ അവസാനമായി കളിച്ചത് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ്. രണ്ട് ഇന്നിങ്‌സിലുമായി 600ന് മേലെയാണ് അന്ന് റണ്‍സ് പിറന്നത്. മത്സരത്തില്‍ പത്ത് റണ്‍സിന് ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു. ഈ മത്സരം ഫലം അടിസ്ഥാനമാക്കി വിലയിരുത്തുകയാണെങ്കില്‍ ഓള്‍ഡ് ട്രഫോഡിലേത് ബാറ്റിങ് പിച്ചാണ്. അതിനാല്‍ ടോസ് നേടുന്നവര്‍ ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍. മത്സരം പുരോഗമിക്കുന്തോറും പിച്ച് സ്ലോ ആവാനാണ് സാധ്യത. അതിനാല്‍ ചേസ് ചെയ്യുന്നവര്‍ക്ക് അല്‍പം ബുദ്ധിമുട്ടാവും.

ഇവിടെ കളിച്ച രണ്ട് കളികളിലും ഇന്ത്യക്കായിരുന്നു ടോസ്. അതേസമയം സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ ഇന്ത്യ വീണതാണ്. ന്യൂസിലാന്‍ഡിന് അവരുടെ ബൗളിങ് കരുത്തിലാണ് വിശ്വാസം. ബൗളിങ് തന്നെയായിരുന്നു ഇന്ത്യയെ അന്നും കുഴക്കിയത്.