‘മൊബൈല്‍ ഫോണ്‍ നിരോധിച്ചു, സെറ്റില്‍ 15 പേര്‍ മാത്രം’; നഗ്‌നരംഗത്തിന്റെ ചിത്രീകരണാനുഭവം പറഞ്ഞ് അമല പോള്‍

single-img
9 July 2019

മലയാള സിനിമയിലെ നടിമാര്‍ പലരും ചെയ്യാന്‍ തയ്യാറാവാത്ത കാര്യമാണ് ആടൈയില്‍ അമല പോള്‍ കൈവച്ചത്. ചിത്രത്തിന്റെ ടീസറില്‍ നഗ്‌നയായി പ്രത്യക്ഷപ്പെട്ട് അമല ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ അങ്ങനെ അഭിനയിക്കേണ്ട സാഹചര്യത്തെപ്പറ്റി അമല ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മനസ്സുതുറന്നു.

ഈ രംഗത്തിന് വേണ്ടി ഒരു പ്രത്യേക തരം കോസ്റ്റിയൂം ഉപയോഗിക്കാം എന്ന് സംവിധായകന്‍ രത്‌നകുമാര്‍ പറഞ്ഞെങ്കിലും അമല അതിനെ പ്രോത്സാഹിപ്പിച്ചില്ല. അതേകുറിച്ച് ഓര്‍ത്ത് വിഷമിക്കണ്ട എന്നായിരുന്നു അമലയുടെ നിലപാട്. പക്ഷെ ഷൂട്ടിംഗ് ദിവസം എത്തിയതോടെ അമലയ്ക്ക് പിരിമുറുക്കം കൂടി. സെറ്റില്‍ എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള ആകാംഷയായി. ആരൊക്കെ ഉണ്ടാവും, അവിടെ സുരക്ഷിതമാണോ എന്നൊക്കെയായി അമലയുടെ ചിന്ത.

‘ഷൂട്ടിംഗ് ദിനത്തെക്കുറിച്ച് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കാരവാനിലിരുന്ന് ഞാന്‍ മാനേജര്‍ പ്രദീപിനെ വിളിച്ചു. സെറ്റില്‍ എത്ര പേരുണ്ട്, സുരക്ഷാ ജീവനക്കാരുണ്ടോ എന്നെല്ലാം അന്വേഷിച്ചു. ചെന്നപ്പോള്‍ ചിത്രീകരണസ്ഥലത്തിന് പുറത്തുതന്നെ ബൗണ്‍സേഴ്‌സ് ഒക്കെ ഉണ്ടായിരുന്നു.

സെറ്റിലെ മുഴുവന്‍ ആളുകളുടെയും ഫോണുകള്‍ അവര്‍ വാങ്ങിവെക്കുന്നുണ്ടായിരുന്നു. ചിത്രീകരണസംഘത്തെ 15 പേരിലേക്ക് ചുരുക്കിയിരുന്നു. ആദ്യ ഷോട്ട് എടുത്തതിന് ശേഷം ഞാന്‍ ആ ടീമിനോട് പറഞ്ഞു, പാഞ്ചാലിക്ക് അഞ്ച് ഭര്‍ത്താക്കന്മാരാണ് ഉണ്ടായിരുന്നത്. എനിക്കിപ്പോള്‍ 15 ഭര്‍ത്താക്കന്മാര്‍ ഉള്ളതായി തോന്നുന്നുവെന്ന്. അത്രമാത്രം വിശ്വാസമുള്ളിടത്തേ എനിക്ക് ആ രംഗങ്ങളില്‍ അഭിനയിക്കാന്‍ ആവുമായിരുന്നുള്ളൂ.’

സമീപകാലത്ത് അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ആടൈയിലെ കാമിനി എന്നും പറയുന്നു അവര്‍. ‘ഒരുപാട് കമന്റുകളൊക്കെ കണ്ടു, ഈ സിനിമ ഓടിയില്ലെങ്കില്‍ എന്തുചെയ്യും, അധ്വാനം പാഴായിപ്പോവില്ലേ എന്നൊക്കെ. who cares എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ഓരോ സിനിമയ്ക്കും ഒരു വിധിയുണ്ട്.’

സിനിമാജീവിതം അവസാനിപ്പിക്കാനുള്ള ആലോചനയില്‍ നിന്ന സമയത്താണ് ഈ സിനിമയിലെ വേഷം തേടിയെത്തിയതെന്നും അമല പോള്‍ പറയുന്നു. ‘കാരണം വരുന്ന കഥകളെല്ലാം ഒരേപോലെ ആയിരുന്നു. ദിവസവും രണ്ട് വണ്‍ലൈനുകളെങ്കിലും കേട്ടിരുന്നു. ആ കഥകളൊക്കെ കള്ളമായിരുന്നു.

നായികാപ്രാധാന്യമുള്ള ലേബലില്‍ എത്തിയിരുന്ന കഥകളൊക്കെ ഒന്നുകില്‍ സ്ത്രീ ശാക്തീകരണത്തെപ്പറ്റി, അല്ലെങ്കില്‍ ബലാത്സംഗത്തിന്റെ ഇരയും അവളുടെ പ്രതികാരവും, അതുമല്ലെങ്കില്‍ ത്യാഗസന്നദ്ധയായ ഒരു അമ്മ..’ ഈ കള്ളക്കഥകളിലൊന്നും അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സിനിമാജീവിതം അവസാനിപ്പിക്കാന്‍ സമയമായതായി തോന്നുന്നുവെന്ന് മാനേജര്‍ പ്രദീപനോട് പറഞ്ഞിരുന്നുവെന്നും അമല പോള്‍ പറയുന്നു.