കര്‍ണാടകത്തില്‍ ‘വിട്ടുവീഴ്ച’ ഫോര്‍മുലയുമായി കോണ്‍ഗ്രസ്; ‘വേണ്ടിവന്നാല്‍ എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും രാജിവയ്ക്കും’

single-img
8 July 2019

ഭരണപക്ഷ എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ അനുനയ നീക്കം തുടരുന്നു. വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും അറിയിച്ചതായാണ് വിവരം.

അതിനിടെ, അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ബംഗളൂരുവില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജി നല്‍കിയ വിമതരുമായി ചര്‍ച്ച നടത്തി. രാജിയില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാജിവച്ച ജെഡിഎസ് എംഎല്‍എമാരെ തിരികെ കൊണ്ടുവരുമെന്ന് കുമാരസ്വാമി കോണ്‍ഗ്രസിന് ഉറപ്പ് നല്‍കി.

വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും അറിയിച്ചു. സര്‍ക്കാരിനെ താഴെവീഴ്ത്താന്‍ ബിജെപി ഗവര്‍ണറെ ഉപയോഗിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഭരണം നിലനിര്‍ത്താന്‍ എന്ത് വീട്ടുവീഴ്ച വേണമെങ്കിലും ചെയ്യാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

മന്ത്രിമാരെ മുഴുവന്‍ രാജിവെപ്പിക്കാന്‍ പോലും തയ്യാറാണെന്നാണ് പരമേശ്വര ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. വിമതരെ ഉള്‍പ്പെടുത്തി സമ്പൂര്‍ണ മന്ത്രിസഭ വികസനം ആവശ്യമാണെങ്കില്‍ രാജി സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് മന്ത്രിമാര്‍ അറിയിച്ചതായാണ് അദ്ദേഹം പറയുന്നത്.

നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് മന്ത്രി യു ടി ഖാദര്‍ പ്രതികരിച്ചിട്ടുണ്ട്. അതേസമയം, സര്‍ക്കാരിനെ താഴെയിടാന്‍ ബിജെപി ശ്രമിക്കുകയാണെന്നും വിമത എം എല്‍ എമാരുമായി ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയത് ദുരൂഹം ആണെന്നും ജി പരമേശ്വര ആരോപിച്ചു.

13 ഭരണകക്ഷി എം.എല്‍.എമാരുടെ രാജിയോടെ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസര്‍ക്കാറിന്റെ നിലനില്‍പ് ഭീഷണിയിലായിരിക്കുകയാണ്. രാജി സ്വീകരിക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ അംഗബലം 106 ആയി കുറയും. ബി.ജെ.പിക്ക് നിലവില്‍ 105 എം.എല്‍.എമാര്‍ ഉണ്ട്.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. 224 അംഗ സഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എട്ടു സീറ്റു കൂടി ലഭിച്ചാല്‍ ബി.ജെ.പിക്കു സര്‍ക്കാരുണ്ടാക്കാം.