ഞാൻ ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം തെറ്റാണ്: അഞ്ജു ബോബി ജോര്‍ജ്
താൻ ബിജെപിയിൽ ചേര്‍ന്നിട്ടില്ലെന്ന് ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. കഴിഞ്ഞ ദിവസം കര്‍ണാടക ബിജെപി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിന് വേദിയില്‍ നില്ക്കുന്ന അഞ്ജു ബോബി ജോര്‍ജിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് അഞ്ജു ബിജെപിയില്‍ ചേര്‍ന്നെന്ന് വാര്‍ത്ത പ്രചരിച്ചത്.
‘അവിടെ കുടുംബ സുഹൃത്തായ വി മുരളീധരനെ കാണാന്‍ പോയപ്പോള്‍ പാര്‍ട്ടി പരിപാടി നടക്കുകയായിരുന്നു. എന്നെ പാര്ട്ടിക്കാര് വേദിയിലേക്ക് ക്ഷണിച്ചു. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയ്ന് നടക്കുകയാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാന്‍ ഒരിക്കലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകളെല്ലാം തെറ്റാണ്’- അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
അഞ്ജു ബോബി ജോര്‍ജ് തന്നെ കാണാനായാണ് ബെംഗളൂരുവിലെ ചടങ്ങിനെത്തിയതെന്നും അവര്‍ പാര്‍ട്ടിയില്‍ ചേര്ന്നിട്ടില്ലെന്നുംവി മുരളീധരനും പറഞ്ഞു. ബിജെപിയുടെ പരിപാടിക്കെത്തിയപ്പോള്‍ പാർട്ടിയുടെ പതാക പിടിച്ച് യെദ്യൂരപ്പയോടൊപ്പം ചിത്രമെടുക്കുക മാത്രമാണ് അഞ്ജു ബോബി ജോര്‍ജ് ചെയ്തതെന്നും മുരളീധരന് പറഞ്ഞു. അഞ്ജുബിജെപിയില് ചേര്‍ന്നതായി എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി അഞ്ജു ബോബി ജോര്‍ജും മുരളീധരനും രംഗത്തെത്തിയത്.