പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ശുഭരാത്രി നാളെ തിയേറ്ററുകളിലേക്ക്; നന്മയുള്ളൊരു ചിത്രമായിരിക്കുമെന്ന് താരങ്ങള്‍

single-img
5 July 2019

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രം ‘ശുഭരാത്രി’ നാളെ തിയേറ്ററുകളിലെത്തും. കെ.പി. വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ സാമൂഹ്യ പ്രസക്തമായ വിഷയമാണ് പറയുന്നത്. മികച്ച അഭിനേതാക്കളുടെ നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്.

ദിലീപിന്റെ അഭിനയ മികവില്‍ അനുസിത്താരയും ചേര്‍ന്നുള്ള മികച്ച കുടുംബചിത്രമായിരിക്കും ശുഭരാത്രിയെന്നാണ് സിനിമാരംഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

‘വളരെ പോസിറ്റീവായ, സ്‌നേഹബന്ധങ്ങളുടെ കഥപറയുന്ന, സത്യസന്ധമായിട്ടുള്ള, റിയലിസ്റ്റിക് രീതിയിലുള്ള ഒരു സിനിമയാണിത്. കൊല്ലത്തു നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണ്. ഞാനതില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ദിലീപ് സിനിമ എന്ന രീതിയിലല്ല. ഞാന്‍ ഈ സിനിമയിലേക്ക് വരികയായിരുന്നു’. ചിത്രത്തെക്കുറിച്ച് നടന്‍ ദിലീപ് പറഞ്ഞു.

ചിത്രത്തിലെ കൃഷ്ണന്‍ സാധാരണക്കാരനായ ചെറുപ്പക്കാരനാണ്. കൃഷ്ണന് ഒരു പ്രണയമുണ്ട്. പണം പലിശക്ക് കൊടുക്കുന്ന വലിയ ബിസിനസുകാരന്റെ മകള്‍ ശ്രീജയാണ് കാമുകി. മകളുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ ആകെ പ്രശ്‌നമായി. കാര്യം കൈവിട്ടു പോകുമെന്നറിഞ്ഞപ്പാേള്‍ വിവരം കൃഷ്ണനെ അറിയിക്കുന്നു.

തുടര്‍ന്നാണ് കൃഷ്ണന്‍ ശ്രീജയുടെ വീട്ടില്‍ വരുകയും ആ പ്രതേക്യ സാഹചര്യത്തില്‍ ശ്രീജ കൃഷണന്റെ കൂടെ ഇറങ്ങി പോകുകയും ചെയ്യുന്നത്. അമ്പലത്തില്‍ വച്ച് വിവാഹിതരായ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ശുഭരാത്രി’യില്‍ ദൃശ്യവത്കരിക്കുന്നത്. ശ്രീജയായി അനു സിത്താരയും മാതാപിതാക്കളായി ജയന്‍ ചേര്‍ത്തലയും രേഖ സതീഷും അഭിനയിക്കുന്നു.

‘ലൈഫ് ഈസ് ആന്‍ ആക്‌സിഡന്റ് എന്നൊരു ചൊല്ലുണ്ട് കാരണം ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. മുന്‍കൂട്ടി നമ്മള്‍ പ്ലാന്‍ ചെയ്യുന്ന പലതും നടക്കാതെ പോവുകയും തീരെ പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തില്‍ ചിലത് സംഭവിക്കുകയും ചെയ്യുന്നു. അത്തരം ഒരു സന്ദര്‍ഭം ആണ് ശുഭരാത്രിയിലെ ദിലീപ് കഥാപാത്രം കൃഷ്ണന്റെ ജീവിതം മാറ്റി മറിച്ചത്. കൂട്ടുകാര്‍ക്കു വേണ്ടി ചാടി പുറപ്പെട്ടു സ്വന്തം ജീവിതം വിലയായി നല്‍കിയ കൃഷ്ണന്റെ കഥ ശുഭരാത്രിയില്‍ കാണാമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

സിദ്ദീഖ്, നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നു തുടങ്ങി വന്‍താരനിരയാണ് ഉള്ളത്.

ചിത്രത്തെക്കുറിച്ച് സംവിധായകന്‍ വ്യാസന്റെ വാക്കുകള്‍:

ഇപ്പോള്‍ ഈ കാലത്ത് നടക്കുന്ന ഒരു കഥയാണ്. വളരെ സാമൂഹ്യപ്രസക്തിയുള്ള കഥാന്തരീക്ഷത്തില്‍ നിന്നാണ് ശുഭരാത്രിയുടെ തിരക്കഥ രൂപപ്പെട്ടത്. ഇതൊരു യഥാര്‍ത്ഥ ജീവിതകഥയാണ്. മാധ്യമം കുടുംബം സപ്ലിമെന്റില്‍ വന്ന ഒരു വാര്‍ത്തയാണ്. ഒരു സുഹൃത്താണ് ആ വാര്‍ത്ത എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതില്‍ ഒരു സിനിമയുണ്ട് ഇത് വായിച്ചുനോക്കുവെന്ന് പറഞ്ഞ് എന്റെ വീട്ടില്‍ കൊണ്ടുവന്നാണ് അദ്ദേഹം അത് കാണിച്ചുതന്നത്.

കരുനാഗപ്പള്ളി ക്ലാപ്പന എന്ന ഗ്രാമത്തില്‍ ഒരാളുടെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെകുറിച്ചായിരുന്നു ആ വാര്‍ത്ത. പക്ഷേ അതു വായിച്ചപ്പോള്‍ സിനിമയാക്കാന്‍ പറ്റുമെന്ന് തോന്നിയില്ല. ഞാനത് എടുത്തുവെച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയ്ക്കായുള്ള കഥ ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇത് വീണ്ടും കണ്ണില്‍ പെടുന്നത്. വീണ്ടുമെടുത്ത് വായിച്ചു. അപ്പോള്‍ അതില്‍ നിന്ന് ഒരു സിനിമയ്ക്കുള്ള കഥ രൂപപ്പെടുത്താമെന്ന് തോന്നി.

മാധ്യമം കുടുംബപതിപ്പില്‍ ഈ ഫീച്ചര്‍ എഴുതിയ സി.ആര്‍ അജയകുമാറുമായി ബന്ധപ്പെട്ടു. അദ്ദേഹം അതില്‍ സിനിമയ്ക്കുള്ളതൊന്നുമില്ലല്ലോ എന്നുപറഞ്ഞു. പക്ഷേ ഒരു ദിവസം കഥ കേള്‍പ്പിക്കാമെന്നു പറഞ്ഞു. അങ്ങനെ ഒരു ദിവസം അദ്ദേഹം കഥ കേള്‍ക്കാനെത്തി. അദ്ദേഹം ഫീച്ചറായെഴുതിയ ആ സംഭവം കഥയാക്കിയത് കേട്ട് അദ്ദേഹം ആകെ അത്ഭുതപ്പെട്ടുപോയി. അന്ന് തന്നെ അത് സിനിമയാക്കാനുള്ള കാര്യങ്ങളൊക്കെ സംസാരിച്ചു. അതിനുള്ള സമ്മതം നേടി. ബാക്കി കാര്യങ്ങളെല്ലാം പറഞ്ഞുറപ്പിക്കുകയായിരുന്നു.

അങ്ങനെയാണ് മുഹമ്മദും കൃഷ്ണനും എന്ന രണ്ട് കഥാപാത്രങ്ങള്‍ പിറക്കുന്നത്. ഇരുവരും പരസ്പര ബന്ധമില്ലാത്ത രണ്ടുപേര്‍. മുഹമ്മദ് എന്ന കഥാപാത്രം തന്റെ 62ാം വയസ്സില്‍ ഹജ്ജിന് പോകാന്‍ തയ്യാറെടുക്കുന്നൊരാള്‍. അതിനായി എല്ലാം ഒരുക്കി ബാധ്യതകളൊക്കെ തീര്‍ത്ത് അദ്ദേഹം ആദ്യമായി ഹജ്ജിന് പോകാനൊരുങ്ങുകയാണ്. പക്ഷേ ഹജ്ജിന് പോകുന്ന ദിവസം രാത്രി അദ്ദേഹത്തിന്റെ വീട്ടില്‍ കള്ളന്‍ കയറുകയാണ്.

മറ്റൊരു കഥാപാത്രമായ കൃഷ്ണന്‍ അനാഥനാണ്. സ്വന്തമായി അധ്വാനിച്ച് പഠിച്ച അയാള്‍ ഒരു വര്‍ക്ക് ഷോപ്പ് ഉടമയാണ്. അയാള്‍ക്കൊരു പ്രണയമുണ്ട്. പ്രണയിനിയെ വിളിച്ചിറക്കി കൊണ്ടുവരികയാണയാള്‍. അങ്ങനെ അവര്‍ സന്തോഷത്തോടെ ജീവിക്കുന്നതിനിടയില്‍ അയാളുടെ ഭൂതകാലം അയാളെ വേട്ടയാടുകയാണ്. ഭാര്യയ്ക്കറിയാത്ത ഒരു കാര്യം അയാളുടെ ജീവിതത്തിലുണ്ട്. മുഹമ്മദിന്റേയും കൃഷ്ണന്റേയും ജീവത്തിലെ ഈ രണ്ട് സംഭവങ്ങളും നടക്കുന്നത് ഒരേ രാത്രിയിലാണ്. ആ രാത്രിയുടെ കഥയാണ് ശുഭരാത്രി. കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ കഥ. നല്ലൊരു ഫാമിലി എന്റര്‍ടെയ്‌നറായിത്തിരും എന്നാണ് വിശ്വസിക്കുന്നത്.