കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ഏര്‍പ്പെടുത്തിയത് ജനങ്ങളെ ബാധിക്കില്ല: എംടി രമേശ്

single-img
5 July 2019

കേന്ദ്രസർക്കാർ ബജറ്റില്‍ പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ഏര്‍പ്പെടുത്തിയത് ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ഇന്റർനാഷണൽ മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും വില കുറയുന്നത് കൂടി മുന്നില്‍ക്കണ്ടാണ് കേന്ദ്രസർക്കാരിന്റെ അധിക നികുതിയെന്നും രമേശ് വ്യക്തമാക്കി.

ഇന്ധനങ്ങളിൽ നിന്നും മാറി ഇലക്ട്രോണിക് വാഹന മേഖലയ്ക്ക് പ്രോത്സാഹനം നല്‍കി രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കുക എന്നതാണ് കേന്ദ്രനയമെന്നും രമേശ് പറഞ്ഞു. ‘രാജ്യത്ത് പെട്രോൾ- ഡീസൽ ഉപഭോഗം കുറയ്ക്കാനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്. അതിനാലാണ് ഇലക്ട്രോണിക് വാഹന മേഖലയ്ക്ക് നികുതി ഇളവ് നല്‍കുന്നത്. ഈ രണ്ടു കാരണങ്ങളാൽ മൂലം ഇന്ധനവില ജനങ്ങളെ കാര്യമായി ബാധിക്കില്ല’- എംടി രമേശ് പറഞ്ഞു.

അതേപോലെ പ്രളയ പശ്ചാത്തലത്തില്‍ ബജറ്റില്‍ കേരളത്തോട് അവഗണന കാണിച്ചില്ലെന്നും രമേശ് പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടത് സർക്കാർ ബജറ്റിലല്ല, വിദഗ്ധ സംഘം വന്ന് പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ചുഴലികാറ്റ് വന്നപ്പോൾ കേരളത്തേക്കാളേറെ നാശനഷ്ടങ്ങളുണ്ടായ ഒഡിഷയ്ക്കും ബിഹാറിനും പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.