അനീഷുമായുള്ള അടുപ്പം തുടരുന്നതിനു അനീഷിനെക്കൊണ്ട് മകള്‍ മീരയെ വിവാഹം കഴിപ്പിക്കാന്‍ മഞ്ജുഷ ശ്രമിച്ചിരുന്നു; നെടുമങ്ങാട് പതിനാറുകാരിയെ കഴുത്തുഞെരിച്ചു കിണറ്റില്‍ തള്ളിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

single-img
5 July 2019

നെടുമങ്ങാട് പതിനാറുകാരിയെ കഴുത്തുഞെരിച്ചു പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. അനീഷിനെക്കൊണ്ട് മകള്‍ മീരയെ വിവാഹം കഴിപ്പിക്കാന്‍ മഞ്ജുഷ ശ്രമിച്ചിരുന്നെന്നും ഇത് മീര എതിര്‍ത്തതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.

അനീഷുമായുള്ള തന്റെ അടുപ്പം തുടരുന്നതിനു വേണ്ടിയാണ് അനീഷിനെക്കൊണ്ട് മകള്‍ മീരയെ വിവാഹം കഴിപ്പിക്കാന്‍ മഞ്ജുഷ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. അനീഷിന്റെ പെരുമാറ്റവും അമ്മയുമായുള്ള അടുപ്പവും അറിയാമായിരുന്ന മീര ശക്തമായ ഈ നീക്കം ചെറുത്തതോടെയാണ് വീട്ടില്‍ വഴക്കുണ്ടായതും പിന്നീട് കൊലപാതകത്തില്‍ കലാശിച്ചതും.

നെടുമങ്ങാട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണു കൊല്ലപ്പെട്ടത്. മകളെയും കൊച്ചുമകളെയും ദിവസങ്ങളായി കാണാത്തതില്‍ പരിഭ്രമിച്ച് മുത്തശ്ശിയാണ് ജൂണ്‍ 11ന് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവുമായി അകന്നുകഴിയുന്ന മഞ്ജുഷ, മകളുമായി വാടക വീട്ടിലായിരുന്നു താമസം.

ഇവര്‍ താമസിച്ചിരുന്ന വീടിനടുത്താണ് അനീഷ് താമസിച്ചിരുന്നത്. മകള്‍ ആരുടെയോ ഒപ്പം തമിഴ്‌നാട്ടില്‍ പോയെന്നും കണ്ടുപിടിക്കാന്‍ താനും അനീഷിനൊപ്പം പോവുകയാണെന്നും അമ്മയോട് പറഞ്ഞാണു മഞ്ജുഷയും അനീഷും ജൂണ്‍ 10ന് നാടുവിടുന്നത്.

ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നപ്പോഴാണ് മഞ്ജുഷയുടെ അമ്മ പിറ്റേദിവസം പരാതി നല്‍കിയത്. ഇതിനിടെ പുതിയ സിം ഇട്ട ഫോണ്‍ ഇരുവരും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഫോണിന്റെ വിശദാംശങ്ങള്‍ വച്ച് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു.

എന്നാല്‍ ചോദ്യം ചെയ്യലില്‍ വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് മഞ്ജുഷ പറഞ്ഞത്. ആത്മഹത്യ ചെയ്തതാണെന്ന മഞ്ജുഷയുടെ വാദം ആദ്യം തന്നെ പൊലീസില്‍ സംശയമുയര്‍ത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സംശയം സ്ഥിരീകരിച്ചു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞത്. ഇതോടെ, ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കട്ടിലില്‍ കിടത്തി ശ്വാസം മുട്ടിച്ച് മരണം ഉറപ്പിച്ചെന്നു അമ്മ മൊഴി നല്‍കി.

സംഭവദിവസം, അനീഷിനെക്കൊണ്ട് മകള്‍ മീരയെ വിവാഹം കഴിപ്പിക്കാന്‍ മഞ്ജുഷ ശ്രമിച്ചിരുന്നു. ഇതിനേച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നല്‍കി. അബോധവസ്ഥയിലായി നിലത്ത് വീണ മീര മരിച്ചുവെന്നു കരുതി വരാന്തയില്‍ എടുത്തു കിടത്തി.

ഇരുവരും ചേര്‍ന്ന് മീരയെ ബൈക്കില്‍ നടുക്ക് ഇരുത്തി അഞ്ച് കിലോമീറ്ററോളം അകലെ കാരന്തലയിലെ അനീഷിന്റെ വീട്ടിലെത്തിച്ചു സമീപത്തെ പുരയിടത്തില്‍ ഇട്ടു. ഞരക്കം കേട്ടതായി തോന്നിയപ്പോള്‍ അനീഷ് സിമന്റ് ഇഷ്ടികകള്‍ മീരയുടെ ശരീരത്തില്‍ വച്ചുകെട്ടി കിണറ്റിന്റെ മൂടി നീക്കി അതിനുള്ളില്‍ തള്ളുകയായിരുന്നു. രാത്രി തന്നെ മീരയെ കൊല്ലാന്‍ ഉപയോഗിച്ച ഷാളടക്കമുള്ളവയുമായി നാഗര്‍കോവിലിലേക്ക് പോയെന്നും ഇരുവരും മൊഴി നല്‍കി.