ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്: വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകള്‍ ഇവയൊക്കെ…

single-img
5 July 2019

വമ്പന്‍ ജനപ്രിയ പ്രഖ്യാപനങ്ങളോ വലിയ നികുതി പരിഷ്‌കാരമോ ഇല്ലാതെ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപവീതം ഒറ്റയടിക്കു തീരുവ കൂട്ടി. നിര്‍മലാ സീതാരാമന്റെ ആദ്യ ബജറ്റിലെ ഏറ്റവും മാരകമായ പ്രഹരമാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം കൂട്ടാനുള്ള നിര്‍ദേശം.

ഒരു രൂപ വീതം അഡീഷണല്‍ എക്‌സൈസ് തീരുവയും ഒരു രൂപ വീതം സെസുമാണ് ഏര്‍പ്പെടുത്തിയത്. സ്വര്‍ണത്തിന് തീരുവ കുറയ്ക്കണം എന്ന നിവേദനങ്ങള്‍ക്കു നടുവില്‍ രണ്ടര ശതമാനത്തിന്റെ ഇറക്കുമതി തീരുവ കൂടുതലായി ഏര്‍പ്പെടുത്തുകയാണ് ബജറ്റ്. ഇതോടെ സ്വര്‍ണ വിലയില്‍ വലിയ കുതിപ്പുണ്ടാകും.

രാജ്യമെങ്ങും വിമാനത്തിലും ട്രെയിനിലും ബസിലും എല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ഒരൊറ്റ ഇന്ത്യ ഒരൊറ്റ കാര്‍ഡാണ് പുതുമയുള്ള ഒരു പ്രഖ്യാപനം. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ 70,000 കോടി രൂപ നീക്കിവച്ചു. വിദേശ ഇന്ത്യക്കാര്‍ 180 ദിവസം കാത്തുനില്‍ക്കാതെ ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ ആധാര്‍ ലഭിക്കും.

വാടകചട്ടങ്ങളും പാട്ടക്കരാര്‍ നിയമങ്ങളും പൊളിച്ചെഴുതും. സേവന സന്നദ്ധ സംഘടനകള്‍ക്ക് പണം സമാഹരിക്കാന്‍ പുതിയ സോഷ്യല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ആണ് വേറിട്ട പ്രഖ്യാപനം. സെബിക്കു കീഴില്‍ തുടങ്ങുന്ന ഈ എക്‌സ്‌ചേഞ്ചിലൂടെ ട്രസ്റ്റുകള്‍ക്കും എന്‍ജിഒകള്‍ക്കും പണം സമാഹരിക്കാം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രപരിഷ്‌കരണത്തിന് നിയമനിര്‍മാണവും വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ട്.

നടപ്പുസാമ്പത്തിക വര്‍ഷത്തിലേക്കായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണിത്. ആദ്യ ബജറ്റ് ഫെബ്രുവരിയില്‍ പീയൂഷ് ഗോയല്‍ ആണ് അവതരിപ്പിച്ചത്. തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പ് വരികയും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും ബജറ്റ് സഭയില്‍ അവതരിപ്പിക്കുന്നത്. ബജറ്റ് പ്രഖ്യാപനം അനുസരിച്ച് വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകള്‍

വില കൂടുന്നവ

പെട്രോള്‍
ഡീസല്‍
സ്വര്‍ണം
ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍
ഡിജിറ്റല്‍ ക്യാമറ
കശുവണ്ടി
ഓട്ടോ പാര്‍ട്‌സ്
ടൈല്‍സ്
മെറ്റല്‍ ഫിറ്റിംഗ്‌സ്
സിന്തറ്റിക് റബ്ബര്‍
ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍
സിസിടിവി ക്യാമറ
ഐപി ക്യാമറ
ഡിജിറ്റല്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്‌സ്
സിഗരറ്റ്
പാന്‍മസാല
പിവിസി
മാര്‍ബിള്‍ സ്ലാബ്‌സ്
വിനില്‍ ഫ്‌ലോറിംഗ്
ഫര്‍ണിച്ചര്‍ മൗണ്ടിംഗ്

വില കുറയുന്നവ

വൈദ്യുതി വാഹനങ്ങള്‍
വൈദ്യുതി ഉപകരണങ്ങള്‍
സെറ്റ് ടോപ് ബോക്‌സ്
ഇറക്കുമതി ചെയ്ത തുകല്‍ ഫൈബര്‍
ഇറക്കുമതി ചെയ്ത പ്രതിരോധ ഉപകരണങ്ങള്‍