പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി ചുമത്തി; സ്വര്‍ണ വിലയും കൂടും

single-img
5 July 2019

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ചുമത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ 10ല്‍ നിന്ന് 12.5 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്.

അതേസമയം, ഗതാഗത രംഗത്ത് വന്‍ വിപ്ലവമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. ഇതിനായി ഇളവുകള്‍ നല്‍കും.

റെയില്‍വേ വികസനത്തിന് വന്‍ തുക നീക്കിവെക്കും. 2030 വരെയുള്ള കാലയളവില്‍ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടും. റെയില്‍വെ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും. ഈ വര്‍ഷം 210 കിലോമീറ്റര്‍ മെട്രോ ലൈന്‍ സ്ഥാപിക്കും

രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായിരണ്ടാം ഘട്ടത്തില്‍ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ജലഗതാഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികള്‍ നടപ്പാക്കും. ജലമാര്‍ഗമുള്ള ചരക്ക് ഗതാഗതം വര്‍ധിപ്പിക്കും.

2024ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. ജലസ്രോതസുകളുടെ പരിപാലനത്തിന് ജല്‍ ജീവന്‍ മിഷന്‍ പദ്ധതി കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

1.25 ലക്ഷം കിലോമീറ്റര്‍ റോഡ് പ്രധാനമന്ത്രി ഗ്രാം സഡക് യോജനയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. കാര്‍ഷികഗ്രാമീണ വ്യവസായങ്ങളില്‍ 75,000 വിദഗ്ദ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും.

മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രധാനമന്ത്രി മത്സ്യ സമ്ബദാ യോജനക്കും ബജറ്റില്‍ നിര്‍ദേശം ഉയര്‍ന്നു.