ബിനോയ് കോടിയേരിയ്ക്ക് മുൻകൂർ ജാമ്യം: പൊലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകണം

single-img
3 July 2019

മുംബൈ: ലൈംഗികാരോപണക്കേസിൽ ബിനോയ് കോടിയേരിക്കു മുൻകൂർ ജാമ്യം അനുവദിച്ചു. മുംബൈ ദിൻഡോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. 25000 രൂപ കെട്ടിവയ്ക്കുന്നതിനോടൊപ്പം ഒരാൾ ജാമ്യവും എടുക്കണമെന്നാണ് കോടതി വിധി. കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഡിഎൻഎ ടെസ്റ്റിനുള്ള രക്ത സാമ്പിളുകൾ നൽകുന്നതിനടക്കം ബിനോയ് കോടിയേരി തയ്യാറാകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്ന് കൂടി ഓര്‍മ്മിപ്പിച്ചാണ് കോടതി ബിനോയ് കോടിയേരിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ചത്.

പരാതിക്കാരി സമർപ്പിച്ച രേഖയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പ് ബിനോയിയുടേതല്ല. ബിനോയിയുടെ പിതാവ് മുൻമന്ത്രിയാണെന്നത് പരിഗണിക്കേണ്ടതില്ലെന്നും ജാമ്യാപേക്ഷയിൽ ഡിഎൻഎ പരിശോധന എന്ന ആവശ്യം പരിഗണിക്കരുതെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു. യുവതിക്കു വേറെയും ബന്ധങ്ങളുണ്ടെന്നു ബിനോയി കോടതിയില്‍ ആരോപിച്ചു. ഇതിന്റെ തെളിവായി ചിത്രങ്ങളും ഹാജരാക്കി.

അതേസമയം കുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നതിന് തെളിവ് പാസ്പോർട്ടെന്നായിരുന്നു യുവതിയുടെ വാദം. യുവതിയുടെ പാസ്പോർട്ടിലും ഭർത്താവിന്റെ പേര് ബിനോയ് എന്നാണ്. ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നുവരെ ഭീഷണി ഉണ്ടായെന്ന് യുവതി കോടതിയിൽ പറഞ്ഞു.